ഒന്നാം ദിനം പാതി വഴിയില്‍ ഉപേക്ഷിച്ചു, രഹാനെയും പന്തും അത്ഭുതം കാട്ടുമോ?

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം പാതി വഴിയില്‍ ഉപേക്ഷിച്ചു. മഴയും വെളിച്ചക്കുറവുമാണ് മത്സരത്തില്‍ വില്ലനായത്. 54.6 ഓവര്‍ മാത്രമാണ് ആദ്യ ദിനം എറിഞ്ഞത്. അതെസമയം മത്സരത്തില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.

പുല്ല് നിറഞ്ഞ പിച്ചില്‍ കിവീസ് പേസര്‍മാര്‍ തീതുപ്പുന്ന പന്തുകളെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ മുന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു. ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യ ആദ്യ ദിനം അഞ്ച് വിക്കറ്റിന് 122 റണ്‍സ് എന്ന നിലയിലാണ്.

38 റണ്‍സുമായി ഉപനായകന്‍ അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ക്രീസില്‍. പൃത്ഥി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), വിരാട് കോഹ്ലി (2), ഹനുമാ വിഹാരി (7) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

കിവീസിനായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കെയ്ല്‍ ജയിംസനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. കേഹ്ലിയേയും പൂജാരയേയുമടക്കം മൂന്ന് ഇന്ത്യന്‍ വിക്കറ്റുകമാണ് ഇതിനോടകം അരങ്ങേറ്റ മത്സരത്തില്‍ യുവതാരം സ്വന്തമാക്കിയത്. ടിം സൗത്തിയും ട്രെന്‍ഡ് ബൗള്‍ട്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Read more

വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ നിരയിലെ അപ്രതീക്ഷിത മാറ്റം. ഒരു സ്പിന്നറും മൂന്ന് പേസര്‍മാരുമടങ്ങിയതാണ് ടീം ഇന്ത്യ. ജഡേജയും ഉമേശും സൈനിയും പുറത്തിരുന്നപ്പോള്‍ അശ്വിനും ഷമിയും ഇഷാന്തും ഭുംറയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു.