ഏകദിനത്തില്‍ പകരം വീട്ടാന്‍ കിവീസ്, ആ 'കില്ലാ'യെ ടീമിലെടുത്തു

ഹാമില്‍ട്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെട്ടതിന്റെ നാണക്കേട് പേറുന്ന ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്ത് മാനം രക്ഷിക്കാനുളള പുറപ്പാടിലാണ്. ഇതിനായി രാജ്യത്തിലെ ഏറ്റവും ഉയരം കൂടിയ പേസറെ ന്യൂസിലന്‍ഡ് ടീമിലേക്ക് വിളിച്ചിരിക്കുകയാണ്.

“കില്ലാ”യെന്നും “ടു മീറ്റര്‍ പീറ്റര്‍” എന്നും വിളിപ്പേരുള്ള കെയ്ല്‍ ജമൈസണാണ് ന്യൂസിലന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ബൗളറെന്ന് വിളിപ്പേരുള്ള ജമൈസണിന്റെ ഉയരം ആറടി എട്ട് ഇഞ്ചാണ്. ഇന്ത്യ എക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് ജമൈസണ് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.

ഇന്ത്യ എക്കെതിരായ രണ്ട് അനൗദ്യോഗിക ഏകദിന മത്സരങ്ങളില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റും 69 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ജമൈസണ്‍ വീഴ്ത്തിയിരുന്നു. ട്രെന്റ് ബോള്‍ട്ട് അടക്കമുള്ള പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ ടിം സൗത്തിയാണ് കിവീസിന്റെ പേസ് പടയെ നയിക്കുക.

ഫെബ്രുവരി 5-ന് ഹാമില്‍ട്ടണിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു