പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കാന്‍ മുറവിളി ഉയരുന്നു

ഐപിഎല്ലില്‍ നിന്ന്കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പുറത്താക്കണമെന്ന് ആരാധകരുടെ ആവശ്യം. പഞ്ചാബ് ടീമിന്റെ സഹഉടമ നെഡ് വാഡിയക്കെതിരെ മയക്ക് മരുന്ന് കൈവശം വെച്ചതിന് ജപ്പാന്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പഞ്ചാബിനെതിരെ ആരാധക രോഷമുയരുന്നത്.

ചില ബിസിസിഐ പ്രതിനിധികള്‍ക്കും ഈ അഭിപ്രയാമുണ്ട്. ടീം ഒഫീഷ്യലുകള്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ തെറ്റുകാരാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ചെന്നൈസൂപ്പര്‍ കിംഗ്‌സിനെ രണ്ട് വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിലക്കിയത് പോലെ തന്നെ പഞ്ചാബിന്റെ കാര്യത്തിലും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പേരു വെളിപ്പെടുത്താത്ത ഒരു ബിസിസിഐ പ്രതിനിധിയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്. മയക്കുമരുന്ന് കേസുകള്‍ അതീവ ഗുരുതരമാണെന്നും ഒരു ഐപിഎല്‍ ടീമിന്റെ ഒഫീഷ്യല്‍ തന്നെ ഇത്തരം കേസുകളിലൊന്നില്‍ പെട്ടത് വളരെ ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും ഒരു നിയമമാണെന്നും, ചെന്നൈയ്ക്ക് വിലക്ക് നല്‍കാമെങ്കില്‍ കിംഗ്‌സ് ഇലവനെതിരെയും അത്തരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതെസമയം ഇക്കാര്യം പ്രതികരിക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. ഐപിഎല്ലിനെ സംബന്ധിച്ച് ഏറെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് നെഡ് വാഡിയയുടെ അറസ്റ്റ്.