ഒന്നും നഷ്ടപ്പെടാനില്ലെന്ന ചിന്ത ഞങ്ങളെ കൂടുതല്‍ സ്വതന്ത്രരാക്കും; പ്രതീക്ഷ ബാക്കിയുണ്ടെന്ന് സഞ്ജു

ഐപിഎല്‍ 14ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിര്‍ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് 7 വിക്കറ്റിന് തോറ്റതാണ് ടീമിന് തിരിച്ചടിയായത്. എന്നിരുന്നാല്‍ തന്നെയും തങ്ങള്‍ക്ക് അവസാന മത്സരംവരെ പ്രതീക്ഷയുണ്ടെന്നും മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്നും നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

‘ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഈ ചിന്ത കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും കൂടുതല്‍ തുറന്നുകാട്ടാനും ഞങ്ങളെ സഹായിക്കുന്നു. ഐപിഎല്ലില്‍ രസകരമായ കാര്യങ്ങള്‍ സംഭവിച്ചേക്കാം. ഞങ്ങള്‍ കളിക്കുന്ന അവസാന മത്സരം വരെ പ്രതീക്ഷയുണ്ട്. ആര്‍സിബിക്കെതിരെ മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഓപ്പണര്‍മാര്‍ മനോഹരമായി കളിച്ചു. എന്നാല്‍ അതിനെ മുതലാക്കാന്‍ ഞങ്ങള്‍ക്കായില്ല.’

Image

‘വിക്കറ്റിന് നല്ല വേഗമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് ടൈമിംഗ് നഷ്ടമായി. ഞങ്ങളുടെ മധ്യനിരയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം ആവശ്യമാണ്. കഠിനമായ ആഴ്ചയാണ് ഞങ്ങള്‍ക്ക് കടന്നുപോകുന്നത്. മികച്ച പോരാട്ടത്തിലേക്ക് ഞങ്ങള്‍ ഉയരേണ്ടതായുണ്ട്. ബോളര്‍മാരുടെ ശ്രമത്തില്‍ സന്തോഷവാനാണ്’ സഞ്ജു പറഞ്ഞു.

ഇന്നലെ നടന്ന നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്റെ ബോളിംഗ് നിരയും ബാറ്റിംഗ് നിരയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍, 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി ലക്ഷ്യം മറികടന്നു.