നാണംകെടുത്തിയിട്ടും അവസാനം തലോടല്‍, സഞ്ജുവിനെ ടീം ഇന്ത്യ പരിഗണിച്ചതിങ്ങനെ

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കാതിരുന്നപ്പോള്‍ ആരാധകര്‍ ആശ്വസിച്ചത് അടുത്ത വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ഒരു അവസരം ലഭിക്കുമെന്നായിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതെ ടീം മാനേജുമെന്റ് ആദ്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

പിന്നീട് ശിഖര്‍ ധവാന് പരിക്കേറ്റത് സഞ്ജുവിന് അനുഗ്രഹമായി. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്ക് ധവാന് പകരക്കാരനായി സഞ്ജുവിനെ ടീം ഇന്ത്യ പരിഗണിച്ചു. എന്നാല്‍ ആരാധകരുടെ ആഹ്ലാദത്തിന് അല്‍പായുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. വിന്‍ഡിസിനെതിരായ മൂന്ന് മത്സരങ്ങലില്‍ ഒന്നില്‍ പോലും സഞ്ജുവിനെ പരിഗണിക്കാന്‍ ടീം ഇന്ത്യ തയ്യാറായില്ല.

ഇതിനിടെ സ്വന്തം നാട്ടില്‍ മത്സരം എത്തിയപ്പോള്‍ സഞ്ജുവിനായി ആരാധകര്‍ ആര്‍ത്തുവിളിച്ചത് കോഹ്ലിയുടെ അതൃപ്തിയ്ക്കും കാരണമായി. വിക്കറ്റ് കീപ്പര്‍ പന്തിന്റെ പിഴവില്‍ കാണികള്‍ താരത്തെ കൂക്കി വിളിച്ചതില്‍ കോഹ്ലി പരസ്യമായി ആരാധകര്‍ക്കെതിരേയും തിരിഞ്ഞു. ഇതിന് പിന്നാലെ അവസാന മത്സരത്തിലും സഞ്ജു കാഴ്ച്ചക്കാരനായി ഗ്രൗണ്ടിന് പിന്നിലിരുന്നു.

എന്നാല്‍ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയതിന് ശേഷം കിരീടമുയര്‍ത്താന്‍ കോഹ്ലി തിരഞ്ഞെടുത്തത് ടീമിലുണ്ടായിട്ടും കളിക്കാത്ത സഞ്ജുവിനെയായിരുന്നു. സഞ്ജു ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ടി20 ട്രോഫി കൈയ്യിലേന്തിയ ചിത്രം ഇപ്പോള്‍ വൈറലാണ്.

ഇനി ശ്രീലങ്കയ്‌ക്കെതിരെ അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യയ്ക്ക് ടി20 പരമ്പരയുളളത്. സഞ്ജുവിനെ ടീമിലേക്ക് തിരിച്ച് വിളിയ്ക്കുമോയെന്ന് ഇനി കാത്തിരുന്ന് തന്നെ കാണണം.