ലങ്കന്‍ മുന്‍നിര തകര്‍ന്നു; ഇന്ത്യ കൂറ്റന്‍ വിജയത്തിനരികെ

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. 405 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ബാറ്റ് ചെയ്യുന്ന ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 70 റണ്‍സ് എടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ശ്രീലങ്കയ്ക്ക് രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കണമെങ്കില്‍ തന്നെ അത്ഭുതങ്ങള്‍ സംഭവിക്കണം.

രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഉമേശ് യാദവും ഇശാന്ത് ശര്‍മ്മയുമാണ് ശ്രീലങ്കന്‍ മുന്‍ നിര ബാറ്റിംഗിനെ തച്ചുടച്ചത്. സമര വിക്രമ (0), കരുണ രത്‌ന (18), തിരിമന്ന (23) എയ്ഞ്ചലോ മാത്യൂസ് (10) എന്നിങ്ങനെയാണ് പുറത്തായ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. നായകന്‍ ചണ്ഡീമലും വിക്കറ്റ് കീപ്പര്‍ ഡിക് വെല്ലയുമാണ് ലങ്കന്‍ നിരയില്‍ ക്രീസില്‍. ഇതോടെ ആറ് വിക്കറ്റ് അവശേഷിക്കെ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 333 റണ്‍സ് ഇപ്പോള്‍ പിറകിലാണ്.

നേരത്തെ ഡബിള്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവരുടേയും മികവിലാണ് ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205ന് മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സ് നേടി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷന്‍. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തില്‍ ഒരു റണ്ണെടുത്ത വൃദ്ധിമാന്‍ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.