വിക്കറ്റെടുത്ത ശേഷം മാപ്പ് ചോദിച്ചു, അമ്പരന്ന് ക്രിക്കറ്റ് ലോകം

ലാഹോര്‍: വിക്കറ്റ് സ്വന്തമാക്കിയ ശേഷം പലതരം ആഘോഷ പ്രകടനങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാറുണ്ട്. ബാറ്റ്‌സ്മാന്‍മാരെ പരമാവധി പ്രകോപിപ്പിച്ച ശേഷമാകും ബൗളര്‍മാര്‍ പവലിയനിലേക്ക് തിരികെ അയക്കുക. എന്നാല്‍ വിക്കറ്റെടുത്ത ശേഷം ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത കാഴ്ച്ചകള്‍ക്കാണ് പാകിസ്ഥാന്‍ അഭ്യന്തര ക്രിക്കറ്റ് മത്സരം സാക്ഷ്യം വഹിച്ചത്.

സെന്‍ട്രല്‍ പഞ്ചാബും സിന്ധുവും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മുന്‍ പാക് താരം ഫവാദ് അലം പുറത്തായതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ പേസ് താരോദയം നസീം കളിക്കളത്തില്‍ വെച്ചുതന്നെ ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ചത്.

92 റണ്‍സുമായി സെഞ്ച്വറിക്ക് അരികെ എത്തി നില്‍ക്കെയാണ് ഫവാദ് നസീം  ഷായുടെ പന്തില്‍ കീപ്പറിന് ക്യാച്ച് നല്‍കി പുറത്തായി. പിന്നെയായിരുന്നു രസകരമായ സംഭവം.

സെഞ്ച്വറിക്കരികെ ബാറ്റ്സ്മാനെ പുറത്താക്കിയത് ആഘോഷിക്കുന്നതിന് പകരം പതിനാറുകാരനായ നസീം അമ്പരപ്പിക്കുന്ന പക്വതയോടെയാണ് ഫവാദിനെ യാത്രയാക്കുകയായിരുന്നു. വിക്കറ്റ് ആഘോഷിക്കുന്നതിന് പകരം ഫവാദിനോട് കൈകള്‍ കൂപ്പി മാപ്പ് പറഞ്ഞായിരുന്നു നസീം മടക്കി അയച്ചത്. 2015 ന് ശേഷം ഫവാദ് രാജ്യാന്തര മത്സരം കളിച്ചിട്ടില്ല.

ആദ്യ ഇന്നിങ്സില്‍ 78 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് നസീം വീഴ്ത്തിയത്. ഈ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍ട്രല്‍ പഞ്ചാബ് സിന്ധിനെ 256 റണ്‍സിന് പുറത്താക്കി. എന്നാല്‍ മത്സരം സമനിലയായി.

അതേസമയം, ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാക്കിസ്ഥാന്‍ ടീമില്‍ നസീം ഇടം നേടിയിട്ടുണ്ട്. നദീമിന്റെ രാജ്യന്തര അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ക്രിക്കറ്റ് ലോകം.