ആദ്യ പന്തില്‍ ജയം; അമ്പരപ്പിച്ച് കേരള ടീം

ഗുണ്ടൂര്‍: അണ്ടര്‍ 19 വനിത ക്രിക്കറ്റ് ലീഗില്‍ നാഗലാന്‍ഡിനെതിരെ അമ്പരപ്പിക്കുന്ന വിജയവുമായി കേരള വനിതകള്‍. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ജയം സ്വന്തമാക്കിയാണ് കേരള ടീം അമ്പരപ്പിച്ചത്.

ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനം കേരള താരങ്ങള്‍ നടത്തിയത്.

17 ഓവറില്‍ രണ്ടു റണ്‍സിന് നാഗാലാന്‍ഡിനെ പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം നേടുകയായിരുന്നു. നാഗാലാന്‍ഡിന്റെ ഒമ്പത് താരങ്ങള്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ ഓപ്പണര്‍ മേനകയാണ് ടീമിനായി ഏക റണ്‍സ് നേടിയത്.

മറ്റൊരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ടീമിനു ലഭിച്ചത്. കേരളത്തിനായി മണിയും സൗരഭ്യയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മണി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൗരഭ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജുവാണ് ആദ്യ പന്തില്‍ ബൗണ്ടറി നേടിയത്. ജോഷിനയായിരുന്നു വിജയ നിമിഷം ക്രീസില്‍.