അച്ഛന്റെ മെസേജ് കണ്ടപ്പോള്‍ ഇതൊരു സ്വപ്‌നമാണെന്ന് തോന്നി; ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൂര്യകുമാര്‍ യാദവ്

2022ല്‍ മിന്നും ഫോമില്‍ കളംനിറഞ്ഞ താരമാണ് ഇന്ത്യന്‍ സൂപ്പര്‍ താരകം സൂര്യകുമാര്‍ യാദവ. ഇപ്പോഴിതാ പുതുവര്‍ഷം പിറക്കാന്‍ ദിവസങ്ങള്‍ മാത്രം മുന്നില്‍നില്‍ക്കെ താരത്തെ തേടി മറ്റൊരു നേട്ടം എത്തിയിരിക്കുകയാണ്. 2022ല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തെ തേടി ഇന്ത്യയുടെ വൈസ്-ക്യാപ്റ്റന്‍ റോളാണ് എത്തിയിരിക്കുന്നത്. ഇതൊട്ടം പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും എനിക്കു ലഭിച്ച വളരെ മഹത്തായ നേട്ടമായി ഞാന്‍ ഇതിനെ കാണുന്നു, മുന്നിലേക്ക് നോക്കുന്നു. ഇതൊരു സ്വപ്നമാണോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. എന്തായാലും ഇത് വളരെ നല്ലതായിതോന്നുന്നു.

അച്ഛനാണ് ടീം പ്രഖ്യാപിച്ച കാര്യം എനിക്ക് ഫോര്‍വേഡ് ചെയ്തു തന്നത്. കാരണം അദ്ദേഹം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒപ്പം അദ്ദേഹം എനിക്ക് ഒരു ചെറിയ സന്ദേശവും അയച്ചു: ‘സമ്മര്‍ദമൊന്നും എടുക്കരുത്, നിങ്ങളുടെ ബാറ്റിംഗ് ആസ്വദിക്കൂ’ എന്ന്. കഴിഞ്ഞ കാലത്തെ പ്രയത്നത്തിന്റെ ഫലമാണ് ഇത്. എത്രകാലം ഇത് തുടരാന്‍ സാധിക്കും അത്രയും നാള്‍ ഇതിനായി ഞാന്‍ പരിശ്രമിക്കും സൂര്യകുമാര്‍ പറഞ്ഞു.

31 ടി20 മത്സരങ്ങളാണ് ഈ വര്‍ഷം സൂര്യകുമാര്‍ യാദവ് കളിച്ചത്. നേടിയത് 1164 റണ്‍സും. രണ്ട് സെഞ്ച്വറിയും 9 അര്‍ദ്ധ ശതകവും ഇതിലുള്‍പ്പെടും. 187.44 ആണ് സൂര്യകുമാറിന്റെ സ്ട്രൈക്ക്റേറ്റ്. ബാറ്റിംഗ് ശരാശരി 46.56.