'അവിടെ സഹതാരങ്ങള്‍ മത്സരത്തിനായി തയ്യാറെടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു എന്‍റെ വിധി'; മുട്ടല്‍ നിര്‍ത്തി അടി തുടങ്ങിയതിനെ കുറിച്ച് പുജാര

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ സക്സസിനായി വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര കാഴ്ചവെച്ചത്. 9 മത്സരത്തില്‍ നിന്ന് 624 റണ്‍സാണ് താരം നേടിയത്. മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 107, 174, 49, 66, 132 എന്നിങ്ങനെയായിരുന്നു പുജാരയുടെ പ്രധാന പ്രകടനങ്ങള്‍. 90ന് മുകളില്‍ ശരാശരിയിലാണ് പുജാരയുടെ വെടിക്കെട്ട്. ഇപ്പോഴിതാ മുട്ടി കളിച്ചിരുന്ന പൂജാരയില്‍നിന്ന് വമ്പനടിക്കാരനിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് മനസ്തുറന്നിരിക്കുകയാണ് താരം.

‘ഉറപ്പായും ഇത് എന്റെ കളി ശൈലിയുടെ വ്യത്യസ്തമായൊരു ഭാഗമാണ്. അതില്‍ ഒരു സംശയവും ഇല്ല. കഴിഞ്ഞ വര്‍ഷത്തിന് മുന്‍പുള്ള സീസണില്‍ ഞാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായിരുന്നു. ഒരു മത്സരവും എനിക്ക് കളിക്കാനായില്ല.’

‘അവിടെ സഹതാരങ്ങള്‍ മത്സരത്തിനായി തയ്യാറെടുക്കുന്നത് ഞാന്‍ നോക്കി നിന്നു. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യണം എങ്കില്‍ ഞാന്‍ കുറച്ചു കൂടി ഭയമില്ലാതെ കളിക്കണം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.’

‘എന്റെ വിക്കറ്റിന് വലിയ വില നല്‍കുന്നതാണ് എന്റെ പതിവ്. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഷോട്ട് കളിച്ചു തന്നെയാവണം. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിന് മുന്‍പായി ഞാന്‍ ഇത് മനസില്‍ വെച്ച് പരിശീലനം നടത്തിയിരുന്നു.’

‘ചില ഷോട്ടുകളില്‍ ഞാന്‍ കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ട് എന്ന് ഞാന്‍ ഗ്രാന്റിനോട് പറഞ്ഞു. പരിശീലനം നടത്തുമ്പോള്‍ ഞാന്‍ ഈ ഷോട്ടുകള്‍ നന്നായി കളിക്കുന്നുണ്ടെന്ന് ഗ്രാന്റ് പറഞ്ഞു. ഇതെന്റെ ആത്മവിശ്വാസം ഉയര്‍ത്തി’ പൂജാര പറഞ്ഞു.