മുംബൈയുടെ വമ്പടക്കി ചെന്നൈ തുടങ്ങി; ധോണിപ്പടയുടെ ജയം ആധികാരികം

ഐപിഎല്ലിന്റെ യുഎഇ ലെഗിലെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനെ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് 156/6 എന്ന സ്‌കോര്‍ മുന്നില്‍വച്ചു. ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 136/8 ഒതുങ്ങിക്കൂടി. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കളിക്കാത്തതും മുംബൈയ്ക്ക് വിനയായ കാര്യങ്ങളില്‍പ്പെടുന്നു.
ഋതുരാജ് ഗെയ്ക്‌വാദിന്റെ അര്‍ദ്ധ ശതകവും (88 നോട്ടൗട്ട്) ഡ്വെയ്ന്‍ ബ്രാവോ (മൂന്ന് വിക്കറ്റ്) ദീപക് ചഹാര്‍ (രണ്ട് വിക്കറ്റ്) എന്നിവരുടെ പന്തേറുമാണ് കരുത്തരുടെ മുഖാമുഖത്തില്‍ സൂപ്പര്‍ കിങ്‌സിന് വിജയം സമ്മാനിച്ചത്. ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ താരതമ്യേന മികച്ച ലക്ഷ്യം തേടിയ മുംബൈ ഇന്ത്യന്‍സ് നിരാശപ്പെടുത്തുന്ന പ്രകടനത്തിലൂടെ പരാജയത്തിലേക്ക് വീണു. ഹാഫ് സെഞ്ച്വറി കുറിച്ച സൗരഭ് തിവാരി (50 നോട്ടൗട്ട്) ഒരറ്റത്തു പിടിച്ചു നിന്നെങ്കിലും ഫലമുണ്ടായില്ല.
ക്വിന്റന്‍ ഡി കോക്ക് (17), സൂര്യകുമാര്‍ യാദവ് (3), ഇഷാന്‍ കിഷന്‍ (11), കെയ്‌റണ്‍ പൊള്ളാര്‍ഡ് (15) എന്നിവരെല്ലാം പൊരുതാതെ ബാറ്റ് താഴ്ത്തി. നേരത്തെ, ഒമ്പത് ഫോറുകളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഋതുരാജിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജ (26), ഡ്വെയ്ന്‍ ബ്രാവോ (23) എന്നിവരും ചെന്നൈ നിരയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവച്ചു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും ട്രെന്റ് ബൗള്‍ട്ടും ആദം മില്‍നെയും രണ്ട് ഇരകളെ വീതം കണ്ടെത്തി.