'ആ സത്യം എനിക്ക് മനസ്സിലാക്കി തന്നത് ധോണി, തിരിച്ചെത്താന്‍ കാരണം കോഹ്‌ലി'

2019-ലെ ലോക കപ്പില്‍ സെലക്ടമാര്‍ തന്നെ പരിഗണിക്കില്ലെന്ന് ആദ്യമായി ബോദ്ധ്യമാക്കി തന്നത് ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയാണെന്ന് യുവരാജ് സിംഗ്. ഭാവിയെ കുറിച്ച് കൃത്യമായ ചിത്രം കാണിച്ചു തന്നത് ധോണിയാണെന്നും എല്ലാത്തിലും ഒരു വ്യക്തത വന്നത് ഇതോടെയാണെന്നും യുവരാജ് പറഞ്ഞു. അസുഖത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ വിരാട് കോഹ്‌ലി തന്ന പിന്തുണ വലുതായിരുന്നെന്നും യുവരാജ് പറഞ്ഞു.

“അസുഖത്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കളി മാറി, ടീമില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. ആ സാഹചര്യത്തില്‍ ദേശീയ ടീമില്‍ ഞാന്‍ തിരിച്ചെത്താന്‍ കാരണം കോഹ്‌ലിയാണ്. അദ്ദേഹം എന്നെ പിന്തുണച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു തിരിച്ചുവരവ് നടത്തുമായിരുന്നില്ല.”

Ind vs Eng, 2nd ODI: Five milestones achieved by Yuvraj and Dhoni ...

“2011ലെ ലോക കപ്പ് വരെ ധോണി വലിയ ആത്മവിശ്വാസം എന്നില്‍ കാണിക്കുകയും നീയാണ് പ്രധാനപ്പെട്ട താരമെന്നു എന്നോടു പറയുകയും ചെയ്തിരുന്നു. 2019 ലോക കപ്പിനെ കുറിച്ചും എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ എന്നെ തിരഞ്ഞെടുക്കാത്തത് എന്നത് സംബന്ധിച്ചും ധോണിയാണ് എനിക്ക് ശരിയായ ചിത്രം കാണിച്ചു തന്നത്.” യുവരാജ് പറഞ്ഞു.

2017 ICC Champions Trophy: Watch: Virat Kohli And Yuvraj Singh All ...

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിനു പിന്നാലെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോക കപ്പിലും 2011-ലെ ഏകദിന ലോക കപ്പിലും നിര്‍ണായക സാന്നിദ്ധ്യമായത് യുവിയായിരുന്നു. 2011 ലോക കപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.