അപ്രതീക്ഷിതം അവിശ്വസനീയം, സ്തബ്ധരായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം!

ധോണി വിടവാങ്ങിയിരിക്കുന്നു. ഒരു യുഗം അവസാനിക്കുന്നു എന്ന് പറഞ്ഞാല്‍ അതൊരിക്കലും അധികമാകില്ല. അവിശ്വസനീയതയുടെ എല്ലാ നാടകീയതയും അവശേഷിപ്പിച്ചാണ് ധോണി രാജ്യന്തര ക്രിക്കറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ധോണിയെ നീലകുപ്പായത്തില്‍ കാത്തിരിക്കുന്ന കോടിക്കണക്കിന് ആരാധകര്‍ ഇനി എന്ത് പറഞ്ഞ് ആശ്വസിക്കും.

538 മത്സരങ്ങള്‍, 17266 റണ്‍സുകള്‍, 16 സെഞ്ച്വറികള്‍, 108 അര്‍ധ സെഞ്ച്വറികള്‍, 359 സിക്‌സുകള്‍. 829 പുറത്താക്കലുകള്‍ ധോണിയെന്ന് ഇതിഹാസം പടിയിറങ്ങുമ്പോള്‍ അവശേഷിക്കുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ഈ കണക്കുകള്‍ക്കും അപ്പുറം കോടിക്കണക്കിന് ആരാധകരെ തനിച്ചാക്കിയാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങുന്നത്.

നായകനെന്ന നിലയില്‍ ഒരാള്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളെല്ലാം ധോണി നേടിക്കഴിഞ്ഞു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്ന ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കാണ് ഇപ്പോള്‍ വിരമാമായിരിക്കുന്നത്.

ധോണിയ്ക്ക് പിന്നാലെ ധോണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ സുരേഷ് റെയ്‌ന കൂടി വിരമിക്കുന്ന വാര്‍ത്ത പുറത്ത് വന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇരട്ട അഘാതമായി. ധോണി സ്വയം കളിക്കാതെ മാറി നിന്നതാണെങ്കില്‍ റെയ്‌ന ഏറെ നാളായി ടീമിന് പുറത്തായിരുന്നു