ധോണിയുടെ ബാറ്റിംഗ് ഓര്‍ഡര്‍, സച്ചിന്റെ നിര്‍ദേശം ചര്‍ച്ചയാകുന്നു

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറും മുതിര്‍ന്ന താരവുമായ മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്യേണ്ടത് അഞ്ചാം സ്ഥാനത്താണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസം പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെയായിരുന്നു സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

ലോക കപ്പില്‍ ധോണി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങിനെയായിരിക്കുമെന്ന കാര്യത്തില്‍ തനിക്ക് കൃത്യമായ അറിവില്ല. എന്നാല്‍ രോഹിതും, ധവാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും, കോഹ്ലി മൂന്നാമനായെത്തുകയും ചെയ്യുമ്പോള്‍ അഞ്ചാം നമ്പരില്‍ ധോണിയാണ് ഇറങ്ങേണ്ടത്” സച്ചിന്‍ പറഞ്ഞു.

ധോണിക്ക് പിന്നാലെ ആറാമനായി ഹാര്‍ദിക് പാണ്ഡ്യയാണ് കളിക്കാനിറങ്ങേണ്ടതെന്നും, ഡെത്ത് ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാനുള്ള പാണ്ഡ്യയുടെ മികവ് ഇന്ത്യയ്ക്ക് ലോക കപ്പില്‍ ഏറെ ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

ഈ മാം 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.