ധോണിയുടെ വിരമിക്കല്‍, അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഉറ്റസുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തൊന്നും വിരമിക്കാന്‍ ധോണി ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡ്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടേയാണ് സുഹൃത്ത് ധോണിയുടെ നിലപാടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

അടുത്തെങ്ങും വിരമിക്കാന്‍ ധോണി ഉദ്ദേശിക്കുന്നില്ല, അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ അഭ്യൂഹങ്ങള്‍ പരത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും അരുണ്‍ പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് ധോണിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. വിന്‍ഡിസ് പര്യടനത്തിനുള്ള ടീമില്‍ ധോനിയുടെ പേര് ഉള്‍പ്പെടാന്‍ ഇടയില്ല. ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോണിയുടെ കാര്യത്തിലും സെലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിരമിച്ചില്ലെങ്കിലും ധോണി ടീമിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരിക്കില്ല എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ, ധോണിയെ ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെടുത്തും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.