ധോണി പുറത്തായത് നോ ബോളില്‍, ഗുരുതര അമ്പയറിംഗ് പിഴവ്, വിവാദം കത്തുന്നു

ലോക കപ്പ് സെമിഫൈനലില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റ് പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് വിവാദം. മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടില്‍ കുടുങ്ങിയത് നോ ബോളിലാണെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ വാദിക്കുന്നത്. ഇത് വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.

മത്സരത്തിന്റെ 49മത്തെ ഓവറില്‍ ഗപ്തിലിന്റെ നേരിട്ടുളള ഏറിലായിരുന്നു ധോണി റണ്ണൗട്ടായി പുറത്തായത്. 10 പന്തില്‍ 25 റണ്‍സായിരുന്നു ആ സമയത്ത് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ധോണി പുറത്തായ പന്ത് നോബോളായിരുന്നെന്ന് മത്സരത്തിന് ശേഷം തെളിഞ്ഞിരിക്കുന്നു.

ധോണി റണ്ണൗട്ടായ പന്ത് എറിയുന്ന സമയത്ത് ആറ് ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ 30 വാര സര്‍ക്കിളിന് പുറത്തായിരുന്നു. അഞ്ച് പേര്‍ക്ക് മാത്രമേ ഈ സമയം സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യാനാവൂ. മറിച്ച് കൂടുതല്‍ ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പന്ത് നോബോളാണ്.

ഇത് മനസ്സിലാക്കിയാണ് ധോണി ആ നിമിഷം പ്രയാസകരമായ രണ്ടാം റണ്‍സിന് ശ്രമിച്ചെതെന്നും അമ്പയറുടെ പിഴവിന് ഒടുക്കേണ്ടി വന്നതാണ് ഇന്ത്യയുടെ തോല്‍വിയെന്നും ആരാധകര്‍ വാദിക്കുന്നു. അത് തെളിയ്ക്കുന്നതിന് മത്സരം തത്സമയം സംപ്രേഷണത്തിനിടെ കാണിച്ച ഗ്രാഫിക്‌സും ആരാധകര്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്.

ഇന്ത്യ തോറ്റെന്ന് ഉറപ്പിച്ച് മത്സരത്തിലായിരുന്നു ധോണിയും ജഡേജയും കൂടി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ജഡേജയും ധോണിയും പുറത്തായതോടെ ഇന്ത്യ തോല്‍വി  വഴങ്ങുകയായിരുന്നു.