ധോണി അവസരം തട്ടിയെടുത്തോ? ഏറ്റവും നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ താരം തുറന്ന് പറയുന്നു

മുംബൈ: പ്രതിഭയുണ്ടായിട്ടും എംഎസ് ധോണിയുടെ കാലത്ത് ക്രിക്കറ്റ് കളിച്ചു എന്ന നിര്‍ഭാഗ്യം പിടികൂടിയ താരമാണ് പാര്‍ത്ഥീവ് പട്ടേല്‍. ധോണി ഉണ്ടായതു കൊണ്ടു മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കാത്ത വിക്കറ്റ് കീപ്പറാണ് പാര്‍ഥീവ് പട്ടേല്‍.

ധോണിയേക്കാള്‍ മുമ്പ് ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടും പാര്‍ഥ്വീവിന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ധോണി ഇന്ത്യന്‍ ടീമിലേക്കു വന്നതോടെ പാര്‍ഥീവിന്റെ വഴി എന്നന്നേക്കുമായി അടയുകയും ചെയ്തു.

2016ല്‍ ഗുജറാത്തിനെ രഞ്ജി ട്രോഫി വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് പാര്‍ഥീവ്. ദേശീയ ടീമില്‍ തനിക്കു സ്ഥാനം നഷ്ടമാവാന്‍ കാരണക്കാരന്‍ ധോണിയാണോയെന്നും കരിയറില്‍ തിരിച്ചടിയായി മാറിയത് എന്താണെന്നും വെളിപ്പെടുത്തുകയാണ് പാര്‍ഥീവ്. 100 മണിക്കൂറുകള്‍, 100 സ്റ്റാറുകള്‍ എന്ന പരിപാടിയില്‍ ലൈവായി സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.

ധോണി യുഗത്തില്‍ കളിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമായി പോയെന്നു തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നു പാര്‍ഥീവ് വ്യക്തമാക്കി. ധോണി യുഗത്തില്‍ കളിച്ചതാണ് തന്റെ കരിയറിനു വിനയായതെന്നു കരുതുന്നില്ല. അദ്ദേഹത്തേക്കാള്‍ മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ അരങ്ങേറിയിട്ടുണ്ട്. ധോണിയേക്കാള്‍ മുമ്പ് തന്നെ സ്വന്തം മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവസരം ലഭിച്ചിരുന്നതായി പാര്‍ഥീവ് പറഞ്ഞു.

ചില പരമ്പരകളിലെ മോശം പ്രകടനമാണ് തനിക്കു തിരിച്ചടിയായത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇതോടെ ധോണിയെ സെലക്ടര്‍മാര്‍ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു.

തെറ്റായ സമയത്താണ് തനിക്കു കളിക്കേണ്ടി വന്നതെന്നു സഹതാപം നേടിത്തരുന്നതിന് വേണ്ടി ആളുകള്‍ക്കു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇതു താന്‍ വിശ്വസിക്കുന്നില്ലെന്ന് പാര്‍ഥീവ് വിശദമാക്കി. തനിക്കു ലഭിച്ച അവസരങ്ങള്‍ പരാമവധി മുതലാക്കാന്‍ കഴിഞ്ഞുവെന്നതാണ് ധോണിക്കു തുണയായതെന്നു പാര്‍ഥീവ് അഭിപ്രായപ്പെട്ടു. അതിനു ശേഷം വലിയ നേട്ടങ്ങള്‍ അദ്ദേഹം കൈവരിക്കുകയും ചെയ്തതായി താരം പറഞ്ഞു.

ധോണി ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വളരെ സ്പെഷ്യലാണ്. ലഭിച്ച അവസരങ്ങള്‍ പാഴാക്കാതെ, പരമാവധി ഉപയോഗിച്ചതു കൊണ്ടാണ് അദ്ദേഹം ഇത്രയും വലിയ താരമായി മാറിയത്. നിര്‍ഭാഗ്യം കൊണ്ടാണ് തനിക്കു ധോണിയെപ്പോലെ ആവാന്‍ കഴിയാതിരുന്നതെന്നു കരുതുന്നില്ലെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.