ഇന്ന് ജയിച്ചാല്‍ ധോണിയെ കാത്തിരിക്കുന്നത് അവിശ്വസനീയ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരം ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനാകും. ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനെന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്.

165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം. പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്റെ പേരിലുള്ളത്.

ജയ്പൂരില്‍ രാത്രി എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ച് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.