പുറത്താക്കി, ധോണിയുടെ മുഖത്തടിച്ച് ബി.സി.സി.ഐ

ധോണി യുഗത്തിന് തിരശ്ശീല വീണെന്ന് പരോക്ഷ സൂചന നല്‍കി ബിസിസിഐയുടെ വാര്‍ഷിക കരാറിലുളള താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ധോണി പുറത്തായ പട്ടികയില്‍ വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ജസ്പ്രിത് ഭുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുളളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഏകദിന- ടീം ഫോര്‍മാറ്റുകളില്‍ ഇതുവരെ പാഡഴിച്ചിട്ടില്ല. നേരത്തെ, ബിസിസിഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്നു ധോണി.

ഇംഗ്ലണ്ടിലെ ഏകദിന ലോക കപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഓസ്ട്രേലിയയില്‍ ടി20 ലോക കപ്പ് വരാനിരിക്കേ ധോണി പട്ടികയില്‍ നിന്ന് പുറത്താകുന്നത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ധോണി ലോക കപ്പ് കളിക്കുമോ എന്ന കാര്യം ഇതോടെ ത്രിശങ്കുവിലായി.

ഇന്ത്യയെ 2007-ല്‍ ടി20 ലോകകപ്പിലും 2011-ല്‍ ഏകദിന ലോക കപ്പിലും 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.

ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് പുതിയ കരാര്‍. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കോടിയും എ വിഭാഗത്തിന് അഞ്ച് കോടിയും ബി, സി കാറ്റഗറിയുള്ള താരങ്ങള്‍ക്ക് യഥാക്രമം മൂന്ന് കോടിയും ഒരു കോടിയും ലഭിക്കും.

എ പ്ലസ് കാറ്റഗറി:

വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ഭുംറ

എ കാറ്റഗറി:

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്

ബി കാറ്റഗറി:

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍

സി കാറ്റഗറി:

കേദാര്‍ ജാദവ്, നവ്ദീപ് സെയ്നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡ്യ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍