ധോണിയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കുല്‍ദീപ്

Advertisement

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തലമുറ സ്പിന്നര്‍മാരാണ് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും. അശ്വിനെ പോലുളള പ്രതിഭാസമ്പന്നരെ പിന്തള്ളി ഇരുവരും ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ വരെ ഇടം പിടിച്ച് കഴിഞ്ഞു.

ഇരുവരേയും വളര്‍ത്തിയതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കുളള പങ്ക് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഇത്തരത്തിലുള്ള ടിപ്‌സുകളില്‍ ചിലത് തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ് തുറന്നു പറയുന്നു. സീറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ് ചടങ്ങിലാണ് കുല്‍ദീപ് ഇക്കാര്യം വ്യക്തമാക്കിയത്.

കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കുല്‍ദീപിന്റെ മറുപടി. ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. ധോണി അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നും കുല്‍ദീപ് പറയുന്നു.

കുല്‍ദീപ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ വരുന്നത് ആരാധകര്‍ക്ക് ആവേശമാണ്. വിക്കറ്റ് ലഭിക്കും എന്നു തന്നെയാണ് ആവേശത്തിന് പിന്നില്‍. അതേസമയം ഐപിഎല്ലില്‍ കുല്‍ദീപിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല.