ഏറ്റവും മികച്ച കീപ്പര്‍ ഈ ഇന്ത്യന്‍ താരമെന്ന് ഐ.സി.സി, പൊട്ടിത്തെറിച്ച് ധോണി ആരാധകര്‍

മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തതേ ഐസിസിയ്ക്ക് ഓര്‍മ്മയുളളു. ഐസിസി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിധം ഇന്ത്യയില്‍ നിന്നും തന്നെ സഹായ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. അത് മറ്റാരുടേയും ആരാധകരായിരുന്നില്ല, സാക്ഷാല്‍ ധോണിയുടെ ആരാധകരായിരുന്നു അത്.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആര് എന്ന ചോദ്യത്തോടൊപ്പം സാഹയുടെ ചിത്രം നല്‍കിയതാണ് ‘തല’ ഫാന്‍സിനെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റില്‍ വിസ്മയ കീപ്പിംഗ് പുറത്തെടുത്ത വൃദ്ധിമാന്‍ സാഹയുടെ ചിത്രം സഹിതമാണ് ഐസിസി ട്വീറ്റ് ചെയ്തത്. പൂണെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയെ സാഹ പറന്നുപിടിക്കുന്നതായിരുന്നു ചിത്രത്തില്‍.

ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സാഹയുടെ പേര് ആരാധകര്‍ പറയും എന്നായിരിക്കണം ഐസിസി കരുതിയിരുന്നത്. എന്നാല്‍ വിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ കളിക്കാതിരുന്നിട്ടും എം എസ് ധോണിയാണ് സമകാലിക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് വാദിക്കുകയാണ് ധോണി ആരാധകര്‍ ചെയ്തത്.

ഡുപ്ലസിയെ പുറത്താക്കിയ ക്യാച്ച് മാത്രമല്ല, ഡി ബ്രൂയ്നെ മടക്കാന്‍ സാഹയെടുത്ത ക്യാച്ചും വലിയ പ്രശംസ നേടിയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് സാഹയെ നിലവില്‍ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.