ധോണിയ്ക്ക് പിഴച്ചു, കോഹ്ലിയ്ക്ക് നിയന്ത്രണം വിട്ടു

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കട്ട സപ്പോര്‍ട്ട് നല്‍കുന്നയാളാണ് നായകന്‍ വിരാട് കോഹ്ലി. ധോണി വിമര്‍ശനമേറ്റ് പുളയുമ്പോഴെല്ലാം താരത്തെ ചേര്‍ത്ത് പിടിക്കാന്‍ കോഹ്ലി രംഗത്ത് വരാറുണ്ട്.

എന്നാല്‍ ഇന്ത്യ-കീവീസ് സെമി ഫൈനലിന് ഇടയില്‍ ധോണിയുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് കോഹ്ലിയെ അല്‍പം അസ്വസ്ഥനാക്കി. കിവീസ് നായകനെ പുറത്താക്കാനുളള സുവര്‍ണാവസരം ആദ്യം കോഹ്ലിയും പിന്നെ ധോണിയും നഷ്ടപ്പെടുത്തിയതാണ് ഇന്ത്യന്‍ നായകനെ അസ്വസ്ഥനാക്കിയത്.

കീവീസ് ഇന്നിംഗ്സിലെ  26ാം ഓവറിലായിരുന്നു സംഭവം. സ്‌കോര്‍ കണ്ടെത്താന്‍ കീവീസ് ബാറ്റ്സ്മാന്മാര്‍ ശ്രമിക്കുന്ന സമയം. ചാഹലിന്റെ ഡെലിവറിയില്‍ ഷോര്‍ട്ട് കവറിലേക്ക് അടിച്ച ടെയലര്‍ വേഗത്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഈ സമയം ഡൈവ് ചെയ്ത് പന്ത് കോഹ്ലി സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് സ്റ്റമ്പില്‍ കൊണ്ടില്ലെങ്കിലും ധോണിയ്ക്ക് പന്ത് അനായാസം കൈപിടിയിലൊതുക്കി സ്റ്റമ്പ് ചെയ്യാനുളള അവസരം ഉണ്ടായിരുന്നു. എന്നാല്‍ പന്ത് കൈക്കലാക്കാന്‍ ധോണിക്കായില്ല. ഇതോടെ വില്യംസണെ റണ്‍ഔട്ടിലൂടെ പുറത്താക്കാനുള്ള അവസരം ധോണി നഷ്ടപ്പെടുത്തി.

ധോണിയുടെ പിഴവിലൂടെ കീവീസ് നായകന്‍ രക്ഷപ്പെട്ടതോടെയാണ് കോഹ്ലി നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. നിരാശയോടെ തലയില്‍ കൈവച്ച കോഹ്ലി എന്തോ ചുണ്ടനക്കി പറയുകയും ചെയ്തു.