ദക്ഷിണാഫ്രിക്കയില്‍ പരമ്പര തോറ്റതിന് ഞങ്ങളെ കുറ്റം പറയേണ്ട ; കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പേസര്‍ മൊഹമ്മദ് ഷമി

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ഏകദിന പരമ്പര തോറ്റതിന്റെ ക്ഷീണം ഇന്ത്യയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ടീമിന്റെ പ്രകടനം സംബന്ധിച്ച വിലയിരുത്തലുകളും അവലോകനങ്ങളും തുടരുകയും ചെയ്യുകയാണ്. ദക്ഷിണാഫ്രിക്കന്‍ ടൂറില്‍ എവിടെയാണ് പിഴച്ചതെന്ന് പറഞ്ഞ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. അടുത്തമാസം വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ട്വന്റി20 മത്സരത്തില്‍ നിന്നും ജസ്പ്രീത് ബുംറയ്ക്കും മൊഹമ്മദ് ഷമിയ്ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ് സെലക്ടര്‍മാര്‍.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് ദക്ഷിണാഫ്രിക്കയില്‍ വില്ലന്മാരായതെന്നും ബൗളര്‍മാര്‍ക്ക് പൊരുതാന്‍ ആവശ്യമായ റണ്‍സ് ഉണ്ടാക്കുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടെന്നും ഷമി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ഒരു 50 – 60 റണ്‍സ് കൂടി അധികമായി എടുത്തിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാമായിരുന്നു എന്നും താരം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നല്ല രീതിയിലും സ്ഥിരതയാര്‍ന്നതുമായ പ്രകടനമാണ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. എന്നാല്‍ ബാറ്റിംഗ് മോശമായി. തോറ്റ രണ്ടു മത്സരത്തിലും ഇന്ത്യയ്ക്ക് ജയിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു എന്നും പറയുന്നു. കെഎല്‍ രാഹുല്‍ ആറ ഇന്നിംഗ്‌സുകളില്‍ അടിച്ചത് 226 റണ്‍സായിരുന്നു. ഇതില്‍ 123 റണ്‍സ് വന്നത് ഒരിന്നിംഗ്‌സില്‍ നിന്നുമായിരുന്നു.

ആറ് ഇന്നിംഗ്‌സ് കളിച്ച ചേതേശ്വര്‍ പൂജാര ആകെ അടിച്ചത് 124 റണ്‍സ്. ഋഷഭ് പന്ത് അടിച്ചതാകട്ടെ 186 റണ്‍സും. വിരാട് കോഹ്ലി അടിച്ചതാകട്ടെ നാല് ഇന്നിംഗ്‌സുകളില്‍ നിന്നും 161 റണ്‍സും. കളിച്ച മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 60 റണ്‍സ് അടിച്ച മായ്ങ്ക് അഗര്‍വാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 30 ന് പുറത്തായി. പരമ്പരയിലെ മൂന്ന് കളികളിലുമായി 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂറേ കാലമായി ജീവിതം ബബിള്‍ ലൈഫിലാണ്. മൊത്തത്തിലെ സാഹചര്യങ്ങളും എടുത്താണ് താന്‍ സംസാരിക്കുന്നതെന്നും പറഞ്ഞു.