'എപ്പോഴും ദുരിതം കൂടെ ഉണ്ടായിരുന്നു, മുപ്പത് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് അച്ഛന്‍ എന്നെ പരിശീലനത്തിന് എത്തിച്ചിരുന്നത്'

താന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ നില്‍ക്കാന്‍ കാരണക്കാരായ ആ രണ്ടുപേരെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ ഫാസ്റ്റ് ബോളിംഗ് സങ്കേതം മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഷമി തന്റെ ക്രിക്കറ്റിലെ വിജയത്തിന് കാരണക്കാരായ വ്യക്തിത്വങ്ങളെ കുറിച്ച് പറഞ്ഞത്.

സഹാസ്പൂര്‍ അലിനഗറില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തന്നെ എത്തിച്ചതിന് കാരണം പിതാവും സഹോദരനുമാണെന്നാണ് താരം പറയുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹാ ജില്ലയിലെ സഹാര്‍പൂര്‍ അലി നഗറില്‍ നിന്നുള്ള ഷമിയ്ക്ക് ക്രിക്കറ്റിന് പൂര്‍ണ പിന്തുണയാണ് കുടുംബം നല്‍കിയത്. ക്രിക്കറ്റിന് വലിയ സാദ്ധ്യതകള്‍ ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബോളറായി ഷമി മാറിയത്.

തന്റെ വിജയത്തിന്റെ ക്രെഡിറ്റ് താരം പിതാവിനാണ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റിന് യാതൊരു സാഹചര്യവുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും പരിശീലനത്തിനായി സൈക്കിളില്‍ 30 കിലോമീറ്റര്‍ അകലേയ്ക്ക് യാത്ര ചെയ്യാന്‍ ഷമിയെ പിതാവ് നിര്‍ബ്ബന്ധിക്കുമായിരുന്നു. ചിലപ്പോഴെല്ലാം കൂടെ പോകുകയും ചെയ്യുമായിരുന്നു. എപ്പോഴും ദുരിതം കൂടെയുണ്ടായിരുന്നു. എന്നാല്‍ പിതാവും സഹോദരനും എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നെന്നും ഷമി പറയുന്നു.

Read more

പറ്റാത്ത സാഹചര്യത്തില്‍ പോലും തന്റെ കളി പുറത്തെടുക്കാന്‍ ഇരുവരും പിന്തുണ നല്‍കുകയും സ്വന്തം കളി പരുവപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്തിരുന്നു. സെഞ്ചുറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ഇത് ഇന്ത്യയ്ക്ക് 130 റണ്‍സിന്റെ നേട്ടമുണ്ടാക്കാനും ഗുണകരമായി മാറി.