ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പിസിബി സിഇഒ വസീം ഖാനുമായി താന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ ടീമിലേക്ക് താന്‍ വീണ്ടുമെത്തുമെന്നും മുഹമ്മദ് അമിര്‍ പറഞ്ഞു.

ആമിറും മാനേജ്‌മെന്റുമായുള്ള പിണക്കം മാറ്റുവാന്‍ താന്‍ ശ്രമിക്കുമെന്ന് വസീം ഖാന്‍ നേരത്തെ പലതവണ പരഞ്ഞിരുന്നു. അമീര്‍ വളരെ മികച്ചൊരു താരമാണെന്നും താരത്തിന്റെ സേവനം പാകിസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നുമാണ് വസീം ഖാന്‍ പറയുന്നത്. ടി20 ലോക കപ്പില്‍ ആമീറിനെ പോലൊരു താരം ശക്തിയാണെന്ന് താരത്തെ തിരിച്ച് കൊണ്ടുവരണമെന്നും മുന്‍ താരം വസീം അക്രവും പറഞ്ഞിരുന്നു.

വസീം ഖാനുമായി താരം നടത്തിയ ചര്‍ച്ചയെന്താണെന്ന് വ്യക്തമല്ലെങ്കിലും പാകിസ്ഥാന്‍ ടീമിലേക്ക് താരത്തിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റുമായി തെറ്റിയാണ് അമിര്‍ തന്റെ 29ാം വയസ്സില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാനേജ്‌മെന്റ് മാറിയാല്‍ താന്‍ തിരികെ എത്താമെന്നും താരം പറഞ്ഞിരുന്നു.

2009ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും നേടിയിട്ടുണ്ട്. വിരമിക്കലിന് ശേഷം പാകിസ്ഥാന്‍ വിട്ട ആമിര്‍ കുടുംബത്തോടൊപ്പം യുകെയിലാണ് താമസം.