കൈഫിനെ സൂപ്പര്‍മാന്‍ എന്ന് വിളിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ്ങിന്റെ മുഖമായിരുന്നു ഒരുകാലത്ത് മുഹമ്മദ് കൈഫ്. ഓസ്‌ട്രേലിയയുടേയും ന്യൂസിലാന്റിന്റേയുമൊക്കെ ലോകോത്തര നിലവാരമുള്ള ഫീല്‍ഡിങ്ങുമായി താരതമ്യപ്പെടുത്തമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായിരുന്നു. അപ്പോഴാണ് മെലിഞ്ഞ് നീണ്ട ശരീരവുമായി ഒരു ചെറുപ്പക്കാരന്‍ നീലക്കുപ്പായത്തില്‍ കളിക്കാനെത്തുന്നത്. അസാമാന്യമായ ശരീരവഴക്കവും ഫീല്‍ഡിംങ് മികവും തികഞ്ഞ ഒരു കളിക്കാരനെ റോബിന്‍ സിങിന് ശേഷം ഇന്ത്യ കണ്ടുകാണില്ല. അതെ മുഹമ്മദ് കൈഫ് എന്ന ചെറുപ്പക്കാരന്‍ ആയിരുന്നു അത്. യുവരാജ് സിങും കൈഫിന്റേയും തോളിലായിരുന്നു അന്ന് ഇന്ത്യന്‍ ഫീല്‍ഡിംങ്.

എന്നാല്‍ അധിക കാലമൊന്നും കൈഫിനെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിഞ്ഞില്ല. ഇന്ന് കൈഫിന്റെ 37-ാം പിറന്നാള്‍ ആയിരുന്നു. താരത്തിന് ട്വിറ്ററില്‍ ആശംസയുമായി നിരവധി താരങ്ങളാണ് എത്തിയത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും കൈഫിന് ആശംസയറിയിക്കാന്‍ മറന്നില്ല. കൈഫിനെ സൂപ്പര്‍മാന്‍ എന്നാണ് സച്ചിന്‍ വിളിച്ചത്. നിമിഷങ്ങള്‍ക്കകം ക്രിക്കറ്റ് ദൈവത്തിന് നന്ദിയറിയിച്ചുകൊണ്ട് കൈഫും എത്തി.

സച്ചിനെ കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സേവാഗും വി.വി.എസ്.ലക്ഷ്മണും സുരേഷ് റെയ്‌നയും തുടങ്ങിയവരും കൈഫിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റുകളും കൈഫ് കളിച്ചിട്ടുണ്ട്. 2 സെഞ്ച്വറികളും 17 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.ബാറ്റ്‌സമാന്‍ എന്നതിനേക്കാള്‍ മികച്ച ഫീല്‍ഡര്‍ എന്ന നിലയിലാണ് കൈഫ് അറിയപ്പെട്ടത്.

Read more