ആമിര്‍ ടെസ്റ്റ് മതിയാക്കിയിതിന് പിന്നില്‍ അമ്പരപ്പിക്കുന്ന കാരണം

27ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നല്ലോ. മുന്‍ താരങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയ ഈ തീരുമാനം ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പാകിസ്ഥാന്‍ അത്രയേറെ വെല്ലുവിളികള്‍ നേരിടുമ്പോഴാണ് സ്റ്റാര്‍ പേസ് ബൗളര്‍ ടെസ്റ്റ് മതിയാക്കിയത് എന്നതാണ് ആമിറിന്റെ വിരമക്കല്‍ വിവാദമാക്കിയത്.

ഇപ്പോള്‍ ആമിര്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുളള യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് മാധ്യമങ്ങള്‍. ബ്രിട്ടണില്‍ സ്ഥിരതാമസമാക്കാനായാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതത്രെ. ബ്രിട്ടീഷുകാരിയായ ഭാര്യയ്‌ക്കൊപ്പം താരം അവിടെ സ്ഥിരതാമസത്തിനു തയാറെടുക്കുന്നതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ ബ്രിട്ടീഷുകാരിയാണെന്ന ആനുകൂല്യത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കാനാണ് ആമിറിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടീഷുകാരിയായ നര്‍ഗീസ് മാലിക്കാണ് ആമിറിന്റെ ഭാര്യ. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരുടെ പങ്കാളികള്‍ക്ക് ലഭിക്കുന്ന പ്രത്യേക വീസയ്ക്ക് ആമിര്‍ അര്‍ഹനാണ്. ഇതുപയോഗിച്ച് രണ്ടര വര്‍ഷം വരെ യാതൊരു തടസ്സവും കൂടാതെ ആമിറിന് ബ്രിട്ടനില്‍ കഴിയാം. ഇതിനുശേഷവും സ്ഥിരമായി ഇവിടേക്കു മാറാനാണ് ആമിറിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

201011 കാലഘട്ടത്തില്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ആമിര്‍ ഏതാനും മാസം ലണ്ടനിലെ ജുവനൈല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍, വീസ ലഭിക്കുന്നത് ഇതു തടസ്സമല്ലെന്നാണ് വിവരം. ബ്രിട്ടനില്‍ സ്ഥിര സന്ദര്‍ശകനായ ആമിര്‍, കഴിഞ്ഞ വര്‍ഷം മുതല്‍ കൗണ്ടി ക്രിക്കറ്റിലും സ്ഥിരസാന്നിധ്യമാണ്. അതുകൊണ്ടു തന്നെ വീസ ലഭിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടാകാനുള്ള സാധ്യതയും വിരളം.