പാകിസ്ഥാനു വേണ്ടി വീണ്ടും കളിക്കാന്‍ തയ്യാര്‍; വിരമിക്കല്‍ പിന്‍വലിക്കാൻ ഒരുങ്ങി സൂപ്പര്‍ താരം

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്ന് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റില്‍നിന്നുള്ള അവഗണനയെ തുടര്‍ന്നും 2020 ല്‍ താരം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചിരുന്നു.

ദൈവം ആഗ്രഹിച്ചാല്‍ ഞാന്‍ വീണ്ടും കളിക്കും. അതിനു മുന്നോടിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണു ലക്ഷ്യം- ആമിര്‍ പറഞ്ഞു. റമീസ് രാജയ്ക്കു പകരംവന്ന നജീം സേഥി തന്റെ പരിശീലന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

ആമിര്‍ 29-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. വിരമിക്കലിന് ശേഷം കുടുംബത്തോടൊപ്പം യുകെയിലാണ് ആമിറിന്റെ താമസം.

2009ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും നേടിയിട്ടുണ്ട്.