ഒന്നരമണിക്കൂര്‍ ബാറ്റിംഗ്; സംപൂജ്യനായി നിന്ന് വിന്‍ഡീസ് താരത്തിന്റെ 'മാരക പ്രതിരോധം'

വിന്‍ഡീസിനെതിരാ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലവില്‍ ആശ്വാസ തീരത്താണ് ഇന്ത്യ. മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 260 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. മൂന്നാം ദിനം ക്യാപ്റ്റന്‍ കോഹ്ലിയുടെയും വൈസ് ക്യാപ്റ്റന്‍ രഹാനയുടെയും സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു മനോഹരമായ കാഴ്ച. എന്നാല്‍ മറുവശത്തും അപൂര്‍വമായ ഒരു കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

95 മിനിറ്റ് ക്രീസില്‍ നിന്നിട്ടും ഒരു റണ്‍സുപോലും അടിക്കാതെ പൂജ്യത്തിന് പുറത്തായ വിന്‍ഡീസ് താരം കുമ്മിന്‍സാണ് ക്രിക്കറ്റ് ലോകത്തെ അപൂര്‍വ്വ പ്രകടനത്തോടെ വിസ്മയിപ്പിച്ചത്. 45 പന്തുകള്‍ നേരിട്ട കമ്മിന്‍സ്, ഒരു റണ്ണുപോലും നേടാതെ ഏറ്റവുമൊടുവിലായി പുറത്താവുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഈ തുഴയന്‍ ബാറ്റിംഗ് റെക്കോര്‍ഡ് മറ്റൊരു താരത്തിന്റെ പേരിലാണ്. 1999 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡ് താരം ഗോഫ് അലോട്ട് 111 മിനിറ്റ് ബാറ്റ് ചെയ്തിട്ടും സംപൂജ്യനായാണ് പുറത്തായത്.

കമ്മിന്‍സ് സംപൂജ്യനായെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെ പ്രതിരോധിച്ച് നിന്ന് ഒമ്പതാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ ഭാഗമായി. മൂന്നാം ദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച വിന്‍ഡീസ് 74.2 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 297 റണ്‍സാണെടുത്ത ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ലീഡ് ലഭിച്ചു.