ഇന്ത്യ എട്ടുനിലയില്‍ പൊട്ടും, കിവീസിന്റേത് ചരിത്രത്തിലെ മികച്ച ടീം; പ്രവചനവുമായി മൈക്കല്‍ വോണ്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് തോല്‍ക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. യുകെയില്‍ ഡ്യൂക്ക്‌ബോളില്‍ കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്‍ഡിന് ഗുണം ചെയ്യുമെന്നും അവര്‍ ജയം നേടുമെന്നും വോണ്‍ പ്രവചിച്ചു.

“ഇംഗ്ലീഷ് സാഹചര്യങ്ങള്‍, ഡ്യൂക്ക് ബോള്‍ എന്നിവ ഇന്ത്യയെ കീഴടക്കും. ന്യൂസിലാന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ ഇവിടെ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്. ഇത് സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അവരെ സഹായിക്കും.”

“ചരിത്രത്തിലെ ഏറ്റവും മികച്ച ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീമിനെയാണ് ഇന്ത്യ നേരിടാന്‍ പോകുന്നത്.മക്കല്ലത്തിന്റെ ടീം വിസ്മയിപ്പിക്കുന്നതായിരുന്നു. പക്ഷേ അവര്‍ സ്ഥിരതയുള്ളവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ വില്യംസണിന് കീഴില്‍ ക്ലാസ് ലെവലിലാണ് അവര്‍ കളിക്കുന്നത്. അവര്‍ ഏറെ നാള്‍ അച്ചടക്കത്തോടെ കളിക്കുന്നത് തുടരുന്നു” വോണ്‍ പറഞ്ഞു.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. വിരാട് കോഹ്ലി നായകനായുള്ള 20 അംഗ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ടിന് അയക്കുന്നത്.