ഓര്‍മ്മകള്‍ മരിക്കുന്നില്ല; തിരിച്ചുവരവിന് ഒരുങ്ങി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരുന്നു. ഓര്‍മ്മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ മറികടന്നാണ് ഡുപ്ലെസി വീണ്ടും ക്രിക്കറ്റില്‍ സജീവമാകുന്നത്.

പിഎസ്എല്ലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ ഡുപ്ലെസിക്ക് ബൗണ്ടറി തടുക്കാനുള്ള ശ്രമത്തിനിടെയാണ് സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റത്. പിന്നീട് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ കിംഗ്‌സിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഡുപ്ലെസിക്ക് പരിശീലനത്തിനിടെ തലകറക്കവും ഓര്‍മ്മക്കുറവും അനുഭവപ്പെട്ടിരുന്നു. ഡുപ്ലെസിയുടെ തലച്ചോറിന് ക്ഷതമേറ്റിരിക്കാമെന്ന സംശയവും ഉയര്‍ന്നു. ഇതോടെയാണ് താരം വിശ്രമത്തിലേക്ക് കടന്നത്.

ഇപ്പോള്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡുപ്ലെസി പറഞ്ഞു. ദുരിതപൂര്‍ണമായ മൂന്ന് മാസമാണ് കടന്നുപോയത്. രോഗം മാറാന്‍ ഇത്രയും കാലമെടുക്കുമെന്നും ഇത്ര ഗുരുതരമാകുമെന്നും കരുതിയില്ല. ഈ വര്‍ഷം ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. അതിലെല്ലാം കളിക്കാന്‍ ആഗ്രഹിക്കുന്നതായും ഡുപ്ലെസി പറഞ്ഞു.