ഐ.പി.എല്ലില്‍ ഒരു സീസണ്‍ കൂടി കളിക്കാന്‍ സാധിച്ചേക്കും; തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം

ഐ.പി.എല്ലില്‍ ഒരു സീസണ്‍ കൂടി കളിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. 2020ലെ ഐ.പി.എല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന സ്റ്റെയിന്‍ 2021 സീസണ്‍ കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഐ.പി.എല്ലിന്റെ ഒരു സീസണില്‍ കൂടി കളിക്കാന്‍ തനിക്ക്് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരം.

“ഒരു ഐപിഎല്‍ സീസണ്‍ കൂടി കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അതിന് മുമ്പായി ഈ വര്‍ഷം കൂടുതല്‍ മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി തിരിച്ചടിയായി. എന്റെ ഇനിയുള്ള സമയത്തിലെ കൂടുതല്‍ സമയവും ക്വാറന്റെയ്നില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ കാത്തിരിക്കുന്നു.”

“നമ്മള്‍ രാജ്യത്തിനുവേണ്ടി കളിക്കാതെയാവുമ്പോള്‍ എല്ലാവരും നമ്മളെ വേഗം മറന്നു പോകും.അതാണ് ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തുടരാനുള്ള ഒരു കാരണം. എന്റെ ഏജന്റുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വിരമിക്കറായെന്ന് തോന്നുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കും. എനിക്കും അത് തോന്നും. എന്നാല്‍ വിരമിച്ചാല്‍ പിന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ സാധിക്കില്ലെന്ന ഭയം ഉള്ളിലുണ്ട്” സ്റ്റെയിന്‍ പറഞ്ഞു.

2020ലെ ഐ.പി.എല്ലില്‍ മൂന്നുമത്സരങ്ങള്‍ മാത്രം കളിച്ച സ്റ്റെയ്‌നിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഫോം ഔട്ടായതിനെത്തുടര്‍ന്ന് താരത്തിനെ മിക്ക മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയ്‌നിന്റെ പേരിലുള്ളത്.