രോഹിത്തല്ല, ആ താരമാണ് അടുത്ത സെവാഗ്, പ്രവചനവുമായി ലക്ഷ്മണ്‍

വിശാഖപട്ടണം: ടെസ്റ്റ് കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്സിലും സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയെ അടുത്ത സെവാഗെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നതിനിടെ മറ്റൊരു താരത്തെ സെവാഗുമായി താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. മായങ്ക് അഗര്‍വാളിനെയാണ് ലക്ഷ്മണ്‍ അടുത്ത സെവാഗായി വിലയിരുത്തുന്നത്.

വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടി മായങ്ക് അഗര്‍വാള്‍ ആരാധക പ്രശംസ നേടിയിരുന്നു.

“മായങ്ക് മികച്ച ബാറ്റ്‌സ്മാനാണ്, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതു പോലെയാണ് വിശാഖപട്ടണം ടെസ്റ്റിലും കളിച്ചത്. സാധാരണയായി ആഭ്യന്തര ക്രിക്കറ്റിലെ ശൈലിയില്‍ ചെറിയ മാറ്റം അന്താരാഷ്ട്ര മത്സരങ്ങളില്‍ താരങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ മായങ്ക് ഒരേ ശൈലിയില്‍ കളിക്കുന്നു. മായങ്കിന്റെ മനക്കരുത്തും ഭയമില്ലാത്ത കളിയും വീരേന്ദര്‍ സെവാഗിനെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് ലക്ഷ്മണ്‍ വിലയിരുത്തുന്നുന്നു.

യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പകരക്കാരനായാണ് മായങ്ക് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. പരിക്കു കാരണം പൃഥ്വി ടീമില്‍ നിന്നും പുറത്തായതോടെ മായങ്കിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുകയായിരുന്നു. 2018 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരേ സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ 51 റണ്‍സുമായി താരം വരവറിയിക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ കന്നി ടെസ്റ്റില്‍ തന്നെ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡും അന്ന് മായങ്ക് തന്റെ പേരില്‍ കുറിച്ചിരുന്നു.

Read more

ഇതുവരെ അഞ്ചു ടെസ്റ്റുകള്‍ കളിച്ച മായങ്ക് 55.22 എന്ന മികച്ച ശരാശരിയില്‍ 497 റണ്‍സെടുത്തു കഴിഞ്ഞു. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.