‘അവന് ആ ഒരു എല്ല് ഇല്ല’; മായങ്ക് അഗര്‍വാളിനെ കുറിച്ച് ആകാശ് ചോപ്ര

കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിലവിലെ പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാളിനെ പുകഴ്ത്തി ആകാശ് ചോപ്ര. മായങ്ക് തനിക്ക് ഏറെ ഇഷ്ടമുള്ള താരമാണെന്നും വ്യത്യസ്തമായ ശൈലിയിലുള്ള പ്രകടനമാണ് അവന്റേതെന്നും ചോപ്ര പറഞ്ഞു.

‘എന്റെ ഇഷ്ട താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അവന്റെ ശരീരത്തില്‍ സെല്‍ഫിഷ് ആയ എല്ല് ഇല്ലെന്നാണ് തോന്നുന്നത്. എപ്പോഴും ടീമിനു വേണ്ടി കളിക്കുന്നവനാണവന്‍. ഡല്‍ഹിക്കെതിരേ പതിയെ ആണവന്‍ തുടങ്ങിയത്. സ്വയം വലിയ സമ്മര്‍ദ്ദം അവന്‍ വരുത്തിവെച്ചില്ല. എന്നാല്‍ ടീമിന് തുടരെ വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലും അവന്‍ ഷോട്ട് തിരഞ്ഞെടുപ്പും എതിര്‍ ബോളര്‍മാരെ നേരിട്ടതും വളരെ കൃത്യമായിരുന്നു.’

‘വ്യത്യസ്തമായ ശൈലിയുള്ള കളിക്കാരനാണ് മായങ്ക്. ഗ്രൗണ്ട് ഷോട്ടുകളാണ് അവന്റെ സവിശേഷത. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഫ്രണ്ട് ഫൂട്ടിലാണ് അവന്‍ പന്തുകള്‍ അടിച്ച് പറത്തുന്നത്. റബാഡയുടെ ഷോര്‍ട്ട് ബോളില്‍ അവന്‍ നേടിയ സിക്‌സ് വളരെ മികച്ചതായിരുന്നു’ ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തില്‍ 58 ബോളില്‍ എട്ടു ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താകാതെ 99 റണ്‍സാണ് മായങ്ക് നേടിയത്. ഐ.പി.എല്ലിലെ നായക അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മായങ്ക് മാറി. മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 119 റണ്‍സാണ് സഞ്ജുവിന്റെ റെക്കോഡ്.