മാക്‌സ്‌വെല്ലിന്റേത് കഴിവുകേട്, റസലിനെ കണ്ട് പഠിക്കൂ; തുറന്നടിച്ച് ഗംഭീര്‍

Advertisement

ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഐ.പി.എല്ലിലെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് മാക്‌സ്‌വെല്‍ വിവിധ ടീമുകള്‍ കയറി ഇറങ്ങുന്നതെന്ന് ഗംഭീര്‍ വിമര്‍ശിച്ചു.

‘മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് മാക്‌സ്‌വെല്ലിന് ഇത്രയുമധികം ടീമുകളില്‍ മാറി മാറി കളിക്കേണ്ടി വന്നത്. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് ഇതിന് കാരണം. മുന്‍ ഫ്രാഞ്ചൈസികളില്‍ മാക്‌സ്‌വെല്ലിനു വേണ്ടത്ര സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ മാക്‌സ്‌വെല്ലിനു ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു.’

‘കൊല്‍ക്കത്തയുടെ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ നോക്കു. 2014 മുതല്‍ കെകെആറിലുള്ള റസ്സല്‍ ഇപ്പോഴും ടീമില്‍ തുടരാനുള്ള പ്രധാനകാരണം സ്ഥിരതയാര്‍ന്ന പ്രകടനമാണ്. ടീമുകളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയുണ്ടായിട്ടും അതിനു തിരിച്ചു നല്‍കാന്‍ മാക്‌സ്‌വെല്ലിന് ആയിട്ടില്ലെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം. 2014ലെ ഒരു സീസണ്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി സീസണുകളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തി’ ഗംഭീര്‍ പറഞ്ഞു.

2012, 18 സീസണുകളില്‍ ഡല്‍ഹിക്കു വേണ്ടിയും, 2013ല്‍ മുംബൈ ഇന്ത്യന്‍സിനായും, 2014-17, 2020 സീസണുകളില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും കളിച്ച താരമാണ് മാക്‌സ്‌വെല്‍. കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന മാക്‌സ്‌വെല്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ്. മുന്‍ സീസണുകളില്‍ മോശം പ്രകടനമായിരുന്നിട്ടും 14.25 കോടിയ്ക്കാണ് ബാംഗ്ലൂര്‍ താരത്തെ ടീമിലെത്തിച്ചത്.