ആര്‍ച്ചറുടെ 'കൊലയാളി' പന്ത് വീണ്ടും, പിടഞ്ഞ് വീണത് സ്മിത്തിന്റെ പകരക്കാരന്‍

ലണ്ടന്‍: ആഷസില്‍ തീ തുപ്പുന്ന പന്തുകള്‍ കൊണ്ട് സംഹാര താണ്ഡവമാടുകയാണ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ആദ്യ ഇന്നിംഗ്സില്‍ ആര്‍ച്ചറിന്റെ ബൗണ്‍സറേറ്റ് പരിക്കേറ്റ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായി ഇറങ്ങിയ മര്‍നസ് ലബുഷാഗ്‌നെയും ആര്‍ച്ചറുടെ പന്തുകള്‍ക്ക് മുന്നില്‍ പിടഞ്ഞ് വീണു.

ലബുഷാഗ്‌നെയുടെ ഹെല്‍മറ്റിലാണ് ആര്‍ച്ചറിന്റെ പന്ത് കൊണ്ടത്. ബൗണ്‍സറേറ്റ താരം നിലത്ത് വീണത് കളത്തില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ താരം എഴുന്നേല്‍ക്കുകയും ചെയ്തു. നേരിട്ട രണ്ടാം പന്തിലായിരുന്നു ലബുഷാഗ്‌നെയ്ക്ക് നേരെ അപകടകരമായ പന്തെത്തിയത്.

നേരത്തെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ചരിത്ര നിമിഷങ്ങളിലൊന്നായിരുന്നു സ്മിത്തിന് പകരക്കാരനായി ലബുഷാഗ്‌നെ കളത്തില്‍ ഇറങ്ങിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് പ്രകാരം പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുന്ന ആദ്യ താരമാണ് മര്‍നസ് ലബുഷാഗ്‌നെ.

Read more

നേരത്തെ മത്സരത്തിനിടെ പരിക്കേറ്റ സ്മിത്ത് പവലിയനിലേക്ക് മടങ്ങിയിരുന്നെങ്കിലും വീണ്ടും ബാറ്റു ചെയ്യാനെത്തിയിരുന്നു. എന്നാല്‍ ഇന്ന് തലവേദനയ  അനുഭവപ്പെട്ടതോടെയാണ് ഓസീസ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിന് തയ്യാറായത്. ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി ലബുഷാഗ്‌നെയ്ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകത.