രാഹുലിന് സെഞ്ച്വറി, തകര്‍ത്തടിച്ച് കോഹ്‌ലിയും പന്തും ഹാര്‍ദ്ദിക്കും, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങി ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോഹ്‌ലി റിഷഭ് പന്ത് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

114 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. രാഹുലിന്റെ കരിയറിലെ ആറാമത്തെ സെഞ്ച്വറിയാണിത്. കോഹ്‌ലിയാകട്ടെ 79 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 66 റണ്‍സാണ് നേടിയത്.

അതെസമയം പന്താകട്ടെ വെറും 40 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 77 റണ്‍സും അടിച്ച് കൂട്ടി.

പതിവിന് വിപരീതമായി ഇത്തവണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റിംഗില്‍ പരജായപ്പെട്ടു. 17 പന്ത് നേരിട്ട ധവാന് കേവലം നാല് റണ്‍സ് മാത്രമാണ് നേടാനയത്. രോഹിത്താകട്ടെ നന്നായി തുടങ്ങിയെങ്കിലും 25 റണ്‍സെടുത്ത് പുറത്തായി. 25 പന്തില്‍ അഞ്ച് ഫോര്‍ സഹിതമാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.

പിന്നീടാണ് ഇന്ത്യന്‍ സ്‌കോറിന് അടിത്തറ നല്‍കിയ കോഹ്ലി-രാഹുല്‍ കൂട്ടുകെട്ട് പിറന്നത്. ഇരുവരും നാലാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പിന്നീടാണ് ഇന്ത്യന്‍ സ്‌കോറിന് വേഗത നല്‍കി പന്തിന്റേയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടേയും വിസ്‌ഫോടന ബാറ്റിംഗ് പിറന്നത്.

ഹാര്‍ദ്ദിക്ക് വെറും 16 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 35 റണ്‍സാണ് നേടിയത്. ക്രുനാല്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.