നിങ്ങൾ ഇവിടെ വന്ന് നില്‍ക്ക്, ഞാൻ അവിടെ നില്‍ക്കാം: അമ്പയറെ പരിഹസിച്ച് കോഹ്‌ലി

ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ തുടര്‍ച്ചയായി പിഴവു വരുത്തിയ അമ്പയര്‍മാരെ കളിക്കിടയില്‍ പരിഹസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ‘ഇങ്ങനെയാണെങ്കില്‍ നിങ്ങളിവിടെ വന്നു നില്‍ക്കൂ, ഞാനവിടെ നില്‍ക്കാം’ എന്നായിരുന്നു മത്സരത്തിനിടയിലെ കോഹ്‌ലിയുടെ കമന്റ്.

ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. 16ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ഒരു ഫുള്‍ടോസ് പന്ത് ബാറ്റര്‍ക്ക് തൊടാനായില്ല. പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയേയും കബളിപ്പിച്ച് കുതിച്ച് ബൗണ്ടറി കടന്നു. ഈ റണ്‍ ബൈ ആയിട്ടാണ് കണക്കാക്കേണ്ടിയിരുന്നതെങ്കിലും ബാറ്റില്‍ തട്ടിയെന്ന് ചൂണ്ടിക്കാട്ടി അംപയര്‍ ബാറ്റര്‍ക്കാണ് റണ്‍ അനുവദിച്ചത്.

Virat Kohli Trolled On-Field Umpire Like A Boss On Day 4

ഇതിന് പിന്നാലെയായിരുന്നു കോഹ് ലിയുടെ കമന്റ്. ‘ഇവരെന്താണ് ഈ കാണിക്കുന്നത്? ഒരു കാര്യം ചെയ്യൂ, ഞാന്‍ അവിടെ വന്നു നില്‍ക്കാം. നിങ്ങള്‍ ഇവിടെ വന്നു നിന്നോളൂ’ കോഹ്‌ലി പറഞ്ഞു. താരത്തിന്റെ പരാമര്‍ശം സ്റ്റമ്പ് മൈക്കില്  പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

പരമ്പരയില്‍ അമ്പയര്‍മാര്‍ തുടര്‍ച്ചയായി വരുത്തിയ പിഴവുകള്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി പാളിയതോടെ പലതവണയാണ് താരങ്ങള്‍ ഡിആര്‍എസ് ആവശ്യപ്പെട്ട് ആ തീരുമാനങ്ങള്‍ തിരുത്തിച്ചത്.