മുംബൈ ടീമില്‍ വമ്പന്‍ അഴിച്ചു പണി, പ്രമുഖര്‍ പുറത്തേയ്ക്ക്

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ച്ചയായി തോറ്റു കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യന്‍സില്‍ അഴിച്ചുപണി സൂചന നല്‍കി പരിശീലകന്‍ മഹേള ജയവര്‍ധനെ. ബോളിംഗ് നിരയ്ക്ക് പുറമേ ബാറ്റിംഗ് നിരയിലും കാര്യമായ മാറ്റം വരുത്തുമെന്നാണ് ജയവര്‍ധനെ അറിയിച്ചിരിക്കുന്നത്.

‘സീസണില്‍ മുംബൈയുടെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ വിശകലനം ചെയ്യും. മറ്റു കോച്ചുമാരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവിയെക്കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കും. ബാറ്റിംഗ് ഞങ്ങള്‍ക്കു ഒരു ആശങ്കയാണ്. മികച്ച ബാറ്റിംഗ് വിക്കറ്റുകളില്‍പ്പോലും ടീമിന്റെ ബാറ്റിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു.’

‘ഇതു സീനിയര്‍ ഗ്രൂപ്പാണ്, നേരത്തേ സാഹചര്യങ്ങള്‍ മനസ്സിലാക്കി നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളവരുമാണ്. ഞങ്ങള്‍ക്കു മുന്നോട്ടു പോവേണ്ടതുണ്ട്. അതിനു വേണ്ടി മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതു തീര്‍ച്ചയായും ചെയ്യും’ ജയവര്‍ധനെ വ്യക്തമാക്കി.

അഞ്ചു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈയ്ക്ക് ഈ സീസണില്‍ ഇതുവരെ ജയിക്കാനായിട്ടില്ല. കളിച്ച കളിയില്‍ എട്ടിലും അവര്‍ പരാജയപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗവിനോട് 36 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്.