പിങ്ക്പന്തില്‍ കളിച്ച ആദ്യ മത്സരത്തില്‍ ചരിത്രമെഴുതി ; യുവ താരത്തിന് പിന്നീട് അവസരം കിട്ടുന്നത് ഇപ്പോള്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്് മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പി്ങ്ക് പന്തില്‍ നടക്കുന്ന ഡേ ആന്റ് നൈറ്റ് മത്സരമാണെന്നതാണ്. ഈ വിഭാഗത്തില്‍ ഇന്ത്യ വളരെ കുറച്ച് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ എന്നിരിക്കെ ഈ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്താനാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. കളിച്ച ആദ്യ പിങ്ക് പന്ത് ടെസ്റ്റില്‍ തന്നെ ചരിത്രമെഴുതിയ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചാണ് ഇന്ത്യ ചിന്നസ്വാമിയില്‍ നടക്കുന്ന ഈ ടെസ്റ്റിനെ സമീപിക്കുന്നത്.

2019ല്‍ ബംഗ്‌ളാദേശിനെതിരേ കൊല്‍ക്കത്തയില്‍ ആയിരുന്നു ഇന്ത്യയുടെ ഈ വിഭാഗത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇംഗ്‌ളണ്ടിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തിയാണ് അക്‌സര്‍ പട്ടേല്‍ ചരിത്രമെഴുതിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്‌ളണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 ലധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായിട്ടാണ് അക്‌സര്‍ പട്ടേല്‍ മാറിയത്.

ഈ ബൗളിംഗ് പ്രകടനം തന്നെയാണ് ശ്രീലങ്കയ്ക്ക് എതിരേ വീണ്ടും അക്‌സറിന് അവസരം നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്കായി പക്ഷേ ഇതുവരെ താരത്തിന് ടെസ്റ്റില്‍ കാര്യമായി കളിക്കാനായിട്ടില്ല. അഞ്ചു തവണയോളം അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരത്തിന് ഇതുവരെ കിട്ടിയിട്ടുള്ളത് 36 ടെസ്റ്റ് വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ അക്‌സര്‍ പട്ടേലിനെ വെസ്റ്റിന്‍ഡീസിന് എതിരേയുള്ള പരമ്പരയിലും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.