ഇന്ത്യയുടെ പഴയ വെടിക്കെട്ട് ബാറ്റ്‌സ്മാനും പാകിസ്ഥാന്റെ അതിവേഗ ബൗളറും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അവസാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വീറും വാശിയുമെല്ലാം ലോകവേദികളില്‍ മാത്രമായി. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഓര്‍മ്മിക്കപ്പെട്ടിരുന്നത് ഇന്ത്യയുടെ തകര്‍പ്പനടികളുടെ ആശാന്‍ വീരേന്ദര്‍ സെവാഗും റാവല്‍പിണ്ടി എക്‌സ്പ്രസ് ഷൊയബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടം വരികയാണ്.

ലെജന്റ്‌സ് ലീഗിലാണ് ഇരുവരും വീണ്ടും മുഖാമുഖം വരുന്നത്. വിരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകുമ്പോള്‍ ഇന്ത്യ മഹാരാജാസ് ടീമും ഏഷ്യന്‍ ലയണ്‍സ് ടീമും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കുക വീരേന്ദര്‍ സെവാഗ്-ഷുഹൈബ് അക്തര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും.

അതിവേഗ ബൗളിംഗിന്റെ റെക്കോഡ് പേരിലുള്ള അക്തര്‍ ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാണ്. ഇന്ത്യയുടെ എക്കാലത്തെയും വെടിക്കെട്ട് ഓപ്പണറായ വീരേന്ദ്ര സെവാഗ് ഇതിഹാസതാരം സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന കാലം ഏതു ടീമുകള്‍ക്കും പേടി സ്വപ്‌നവുമായിരുന്നു. ലെജന്റ്‌സ് ടീമിലും ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇതേ ആവേശം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. മറ്റ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ യുവ്‌രാജ് സിംഗും യൂസുഫ് പത്താനുമെല്ലാം വരുന്ന ഇന്ത്യ മഹാരാജാസ് കരുത്തരായ ടീമാണ്.

പാകിസ്താന്റെയും ശ്രീലങ്കയുടെയും മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമുമായാണ് ഏഷ്യ ലയണ്‍സിന്റെ വരവ്. ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍ ജയസൂര്യയും കുറഞ്ഞ ബോളുകളില്‍ അര്‍ദ്ധശതകം നേടുന്ന ഷഹീദ് അഫ്രീദിയും ടീമിലുണ്ട്. ജയസൂര്യയും ദില്‍ഷനും ഏഷ്യന്‍ സിംഹങ്ങള്‍ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കളിയില്‍ ആവേശം വിതറാന്‍ കെല്‍പ്പുള്ള അനേകം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ രണ്ട് ടീമിലുമായുണ്ട്.