വില്യംസണ്‍ ഇറങ്ങിപ്പോകണമെന്ന് കിവീസ്, പ്രതിരോധം തീര്‍ത്ത് കോഹ്ലി, നാടകീയസംഭവങ്ങള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര തുടങ്ങാനിരിക്കെ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്ഥാനം ഒഴിയാന്‍ ന്യൂസിലന്‍ഡില്‍ മുറവിളി. കിവീസിന്റെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിന്റെ ദയനീയ പ്രകടനമാണ് വില്യംസനെതിരെ ബെണ്ടന്‍ മക്കല്ലം അടക്കമുളള മുന്‍ താരങ്ങള്‍ രംഗത്തെത്താന്‍ കാരണം.

ഇതോടെ ന്യൂസിലന്‍ഡ് ടീമിന്റെ നായക പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് വില്യംസണും വ്യക്തമാക്കി. എന്നാല്‍ കിവീസ് നായകനെ പ്രതിരോധിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസം.

ജയത്തിന്റേയും തോല്‍വിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്റെ മികവ് അളക്കേണ്ടതെന്നും ലോക കപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡിനെ എത്തിച്ച നായകനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും കോഹ്ലി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രേമികളോട് ഉപദേശിക്കുന്നു.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ എല്ലാ ടെസ്റ്റിലും ദയനീയമായി തോറ്റതോടെയാണ് കെയ്ന്‍ വില്യംസണെതിരെ വിമര്‍ശകര്‍ ഒന്നിച്ചത്. നാല് ഇന്നിംഗ്‌സില്‍ 57 റണ്‍സ് മാത്രം നേടിയതും തിരിച്ചടിയായി. നിര്‍ബന്ധം കൊണ്ട് നായകപദവിയില്‍ തുടരുന്നതു പോലെയാണ് വില്യംസന്റെ സമീപനമെന്ന് മുന്‍ നായകന്‍ ബ്രെണ്ടന്‍ മക്കല്ലം പോലും വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് നായക പദവി ഒഴിയാന്‍ കെയ്ന്‍ വില്യംസണ്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

2016-ലാണ് വില്യംസണ്‍ ന്യൂസിലന്‍ഡ് നായകസ്ഥാനം ഏറ്റെടുത്തത്.