ഇന്ത്യന്‍ 'സി' ടീമിന് എതിരെയാണ് കളിച്ചതെന്ന് തോന്നില്ല, ലങ്കയുടെ ആഘോഷത്തെ കുത്തി ചോപ്ര

ഇന്ത്യക്കെതിരായ രണ്ടാംട്വന്റി20 മത്സരത്തിലെ ജയത്തിനുശേഷം ലങ്കന്‍ താരങ്ങള്‍ നടത്തിയ ആഘോഷത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര. ഇന്ത്യയുടെ സി ടിമിനെതിരെയാണ് കളിക്കുന്നതെന്ന കാര്യം ലങ്കയുടെ ആഘോഷം കണ്ടാല്‍ തോന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ചോപ്ര പറഞ്ഞു. എന്നാല്‍ ഈ വിജയം ലങ്കയ്ക്ക് വിലപ്പെട്ടതാണെന്നും ചോപ്ര വിലയിരുത്തി. പ്രമുഖ താരങ്ങളുടെ അഭാവത്തിലും ഇന്ത്യയുടെ പുതുമുഖ നിര ലങ്കയോട് പൊരുതിയാണ് കീഴടങ്ങിയത്. ഈ സാഹചര്യത്തിലാണ് ചോപ്രയുടെ വിമര്‍ശനം.

“ലങ്കയെ സംബന്ധിച്ച് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ്. കാരണം രണ്ടാം മത്സരത്തിലെ ജയത്തിനുശേഷം അവരുടെ ആഘോഷം കണ്ടാല്‍ ഇന്ത്യയുടെ സി ടീമിനോടാണ് കളിച്ചതെന്ന് തോന്നില്ല. ടീമിന്റെ ശക്തി കണക്കിലെടുക്കാതെ ജയിക്കുന്നതിലാണ് ലങ്കയുടെ ശ്രദ്ധ. തുടര്‍ തോല്‍വികള്‍ക്കുശേഷമുള്ള ജയം ടീമിന്റെ മനോവീര്യം ഉയര്‍ത്തും. അത് ഏതു തരത്തിലെ ജയമായാലും” ചോപ്ര പറഞ്ഞു.

“പിച്ചിന് അല്‍പ്പം പോലും വേഗമില്ലായിരുന്നു. അതിനാല്‍ ഹസരങ്കയുടെ ബോളില്‍ ടൈമിംഗ് കണ്ടെത്തുന്നതില്‍ ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടു. ഹസരങ്കയെ സ്ട്രൈറ്റായി കളിച്ച് അയാളുടെ നാല് ഓവറില്‍ കുറഞ്ഞത് രണ്ട് മൂന്ന് ബൗണ്ടറികള്‍ നേടുന്നതിനെ കുറിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഹസരങ്കയുടെ ബൗല്‍ഗ് കണിശതയുള്ളതാണ്. ഇന്ത്യക്ക് അധികം ബാറ്റ്സ്മാന്‍മാരില്ല. ഹസരങ്കയെ ആക്രമിക്കുന്നത് ഇന്ത്യയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും. അതിനാല്‍ ഹസരങ്കയെ നേരിടുമ്പോള്‍ ശ്രദ്ധവേണം” ചോപ്ര നിര്‍ദേശിച്ചു.