നിര്‍ണ്ണായക മാറ്റവുമായി ലങ്ക; പുതിയ നായകനേയും പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ നിര്‍ണ്ണായക മാറ്റവുമായി ശ്രീലങ്കന്‍ ടീം. ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്തിനെ ടീമില്‍ നിന്നും ഒഴിവാക്കി. മോശം ഫോമാണ് ലങ്കന്‍ താരത്തിന് വിനയായത്. പകരം വാന്‍ഡേഴ്‌സെ എന്ന അരങ്ങേറ്റക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തി.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഹെരാത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 67 റണ്‍സ് നേടി ലങ്കയ്ക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചിരുന്നു. നാഗ്പൂരിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 13 വിക്കറ്റുകള്‍ നേടിയെങ്കിലും ഹെരാത്തിന് നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്. ഇതോടെയാണ് ലങ്കന്‍ താരത്തിന് പുറത്തേയ്ക്കുളള വഴിതെളിയിച്ചത്.

ഡിസംബര്‍ രണ്ടിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

അതെസമയം ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ ശ്രീലങ്കയെ ഓള്‍ റൌണ്ടര്‍ തിസാര പെരേര നയിക്കും. ഉപുള്‍ തരംഗയുടെ സ്ഥാനത്താണ് പെരേര നായക സ്ഥാനതെത്തുന്നത്. തരംഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് പരമ്പരകളിലാണ് ലങ്ക സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്.

ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ അഞ്ജലോ മാത്യൂസ് നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങള്‍ക്കും വ്യത്യസ്ത നായകന്‍മാരെന്ന തീരുമാനത്തിലേക്ക് ലങ്കന്‍ സെലക്ടര്‍മാരെത്തിയത്.