അവസാന ദിനം അപ്രതീക്ഷിത നീക്കം, കോച്ചാകാന്‍ ഇന്ത്യന്‍ ഓപ്പണറും

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ ബിസിസിഐ അനുവദിച്ച അപേക്ഷ കാലാവധി അവസാനിച്ചതോടെ ഇനി ആരെല്ലാമാണ് കോച്ചാകാന്‍ മത്സരിക്കുക എന്നതാണ് ഇനി അറിയാനഉളളഥ്. അതിനിടെ അവസാന ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും, മുംബൈ താരവുമായിരുന്ന ലാല്‍ചന്ദ് രജ്പുത് പരിശീലകനാകാന്‍ അപേക്ഷയുമായെത്തി.

ഈ വര്‍ഷം മെയ് മുതല്‍ സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്. എന്നാല്‍ അടുത്തിടെ സിംബാബ്വെയെ ഐസിസി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് ടീം ഇന്ത്യയുടെ കോച്ചാകാന്‍ രജ്പുത് തയ്യാറെടുത്തത്.

കോച്ചിംഗ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുളള രജ്പുത്ത് അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ തുടങ്ങിയ ടീമുകളുടെ കോച്ചായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ലെവല്‍ ത്രീ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 2007 ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം ചൂടുമ്പോളും, 2008 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിബി സീരീസ് സ്വന്തമാക്കുമ്പോളും രജ്പുത് ഇന്ത്യന്‍ ടീമിന്റെ ചുമതലയില്‍ ഉണ്ടായിരുന്നു.

നിലവില്‍ കാനഡയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്‌സിനെ പരിശീലിപ്പിക്കുന്നതും രജ്പുതാണ്.