ശ്രീലങ്കയ്‌ക്കെതിരേ കളിച്ചത് ദക്ഷിണാഫ്രിക്കയുമായി ബാധിച്ചു?: മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ക്യാപ്റ്റന്‍

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ പോയി കളിച്ച ശേഷം ഇന്ത്യയിലും അവരുമായി മത്സരം സംഘടിപ്പിച്ചത് വിഡ്ഢിത്തമായെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും സെലക്ടറുമായിരുന്ന വെങ്‌സര്‍ക്കാര്‍. ഒരേ സ്വഭാവമുള്ള പിച്ചുകളില്‍ കൂടുതല്‍ മത്സരിച്ചതുകൊണ്ട് ഇന്ത്യന്‍ ടീമിന് കാര്യമായ ഗുണമൊന്നുമില്ലെന്ന് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പതറുന്നതിന്റെ കാരണം പരിശീലന മത്സരങ്ങള്‍ കളിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ഇലവനുമായുള്ള സന്നാഹ മത്സരം ക്യാന്‍സല്‍ ചെയ്താണ് ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയത്. ഡിസംബര്‍ 28ന് സൗത്താഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീമിന് പരിശീലനത്തിനിറങ്ങാന്‍ വീണ്ടും രണ്ടു ദിവസമെടുത്തു.

മത്സരത്തിന് ഒരാഴ്ച മാത്രമുള്ള സമയത്താണ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഉഴപ്പിയത്. അതേസമയം, സന്നാഹ മത്സരങ്ങള്‍ക്കു പകരം കൃത്യമായ നിരീക്ഷണത്തോടെയുള്ള നെറ്റ് പ്രാക്ടീസായിരിക്കും ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണകരമാവുകയെന്നാണ് മാനേജ്‌മെന്റിന് ഇക്കാര്യത്തിലുള്ള നിലപാട്.

മത്സരം തുടങ്ങിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നൊഴിവാക്കിയത്.

ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യ പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടായിരുന്നുവെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ടീം ഇന്ത്യ മികവിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്്‌ക്കെതിരേ ജൊഹന്നാസ് ബര്‍ഗില്‍ നടന്ന ടെസ്റ്റ് ജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ടറായിരുന്നു വെങ്‌സര്‍ക്കാര്‍.