പുറത്തിരുത്തിയാല്‍ വേറെ പണി അറിയാം, ടീം ഇന്ത്യയെ അമ്പരപ്പിച്ച് കുല്‍ദീപ്

ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാത്ത താരമാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. യുസ്‌വേന്ദ്ര ചഹലാണ് കുല്‍ദീപിന് പകരം ടീം ഇന്ത്യയില്‍ സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ മൈതാനത്ത് വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ കുല്‍ദീപ് മറ്റൊരു പണി ഏറ്റെടുത്തു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

മത്സരം തത്സമയം പകര്‍ത്തുന്ന ക്യാമറാമാന്റെ റോളാണ് കുല്‍ദീപ് ഏറ്റെടുത്തത്. ന്യൂസിലാന്‍ഡ് ബാറ്റ് ചെയ്യുന്ന 15,16 ഓവറുകള്‍ തത്സമയം പകര്‍ത്തിയത് സാക്ഷാല്‍ കുല്‍ദീപായിരുന്നു. കുല്‍ദീപ് മത്സരം ഷൂട്ട് ചെയ്യുന്നത് യഥാര്‍ത്ഥ ക്യാമറമാന്‍ മൊബൈലില്‍ പകര്‍ത്തി താരത്തിന് കൂട്ടിരുന്നു.

ഇതിനിടയിലാണ് കുല്‍ദീപിനോട് കളിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച് കമന്റേറ്ററുടെ ചോദ്യം എത്തുന്നത്. ചാഹല്‍ എങ്ങനെ പന്തെറിയുന്നതാകും ഉചിതമെന്നായിരുന്നു ചോദ്യം. വിക്കറ്റ് ടൂ വിക്കറ്റ് ഒന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കി കുല്‍ദീപ് വീണ്ടും കര്‍മ്മനിരതനായി.

ഇതിനുമുമ്പും ക്യാമറമാനായി കുല്‍ദീപ് എത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 10-ന് ഈഡന്‍ പാര്‍ക്കില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 മത്സരത്തിലാണ് ഇതിനുമുമ്പ് കുല്‍ദീപ് ക്യാമറമാനായത്.