ആ യുവ വിക്കറ്റ് കീപ്പര്‍ ടീം ഇന്ത്യയുടെ വക്കോളമെത്തിയിരുന്നു: ചീഫ് സെലക്ടറുടെ വെളിപ്പെടുത്തല്‍

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ടെസ്റ്റ് ടീമില്‍ ആന്ധ്ര പ്രദേശിന്റെ യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎസ് ഭരതിനെ കൂടി ഉള്‍പ്പെടുത്താന്‍ ഗൗരവമായി ചിന്തിച്ചിരുന്നതായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ടീം പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഭരതിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താനുളള സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി പ്രസാദ് വെളിപ്പെടുത്തിയത്.

എന്നാല്‍ സാഹ പരിക്ക് മാറി എത്തിയത് ഭരതിന് തിരിച്ചടിയായെന്നും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ഭരത് പുറത്തിരിക്കുന്നതെന്നും പ്രസാദ് പറയുന്നു. ഇതോടെ ധോണിയ്ക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആരാകുമെന്ന ചോദ്യത്തിന് മറ്റൊരു പേര്‍കൂടിയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

‘ഭരത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തുന്നതിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍ ഒരു സീനിയര്‍ താരം പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് അവസരം നല്‍കുന്ന രീതിയാണ് നമുക്കുള്ളത്. അത് കൊണ്ട് തന്നെ സാഹ പരിക്ക് മാറിയെത്തിയപ്പോള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ എ ടീമിന് വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുന്ന ഭരത് ടീം സെലക്ഷന് തൊട്ടരികെ വരെയെത്തിയിരുന്നു എന്നതാണ് സത്യം. ‘ പ്രസാദ് പറയുന്നു.

ഇന്ത്യ എയ്ക്കായി ഭരത് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അവസാനം കളിച്ച 11 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 686 റണ്‍സ് ഭരത് അടിച്ചെടുത്തിരുന്നു. ഇതാണ് താരത്തെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കുന്നതിന്റെ വക്കോളമെത്തിച്ചത്.

ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് സാഹ ഇടംപിടിച്ചത്.