വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു; ആഞ്ഞടിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് കാരണം ഇന്ത്യന്‍ ബാറ്റിങ് നിരയാണെന്ന് വിരാട് കോഹ്ലി. താനുള്‍പ്പടെയുള്ള ബാറ്റിങ് നിര ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞുവെന്നാണ് കോഹ്ലി മത്സരത്തിന് ശേഷം വ്യക്തമാക്കിയത്. അതേസമയം, മൂന്ന് ദിവസം വിജയസാധ്യത നിലനിര്‍ത്തിയ ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ഒരു ന്യായീകരണവുമില്ല.

ബാറ്റിങ് ആയിരുന്നു ഇന്ത്യന്‍ ടീമിന് കാര്യമായ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍, മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ പോലും ഇന്ത്യയ്ക്ക് സാധിച്ചില്ല. 20ഉം 30ഉം വ്യക്തിഗത സ്‌കോര്‍ വെച്ച് ഇത്തരം പിച്ചുകളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. മികച്ച കൂട്ടുകെട്ടുണ്ടാക്കിയരുന്നെങ്കില്‍ മത്സരത്തിന്റെ വിധി മറ്റൊന്നായിരുന്ന കോഹ്ലി വ്യക്തമാക്കി.

കേപ്ടൗണിലെ ന്യൂലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 72 റണ്‍സിനാണ് തോറ്റത്. മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 135 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക വിജയമാഘോഷിച്ചത്.

ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ മുട്ടുവിറച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു പവലിയനിലേക്ക് മടങ്ങി. ഫിന്‍ലാന്‍ഡറാണ് ഇന്ത്യയുടെ ആറ് വിക്കറ്റ് നേടി നടുവൊടിച്ചത്. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി.

നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് 208 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കുകയായിരുന്നു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര കീഴടങ്ങി.