മൂന്ന് മത്സരത്തിലും ഇന്ത്യയെ പിടികൂടി 48.2 ഓവര്‍, അമ്പരപ്പിക്കുന്ന യാദൃച്ഛികത

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍ മാത്രം. ഇതില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഇന്ത്യ തോറ്റു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ അവിശ്വസനീയമായ യാദൃച്ഛികത ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍.

ഹൈദ്രാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് വിജയം കണ്ടു.

നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയാണ് ബാറ്റ് ചെയ്തത്. 48.2 ഓവറില്‍ തന്നെ 250 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 49.3 ഓവറില്‍ 242 റണ്‍സ് എടുക്കാനേ ആയുളളു.

റാഞ്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 48.2 ഓവറില്‍ തന്നെ ഓള്‍ ഔട്ടായി. 281 റണ്‍സാണ് ഇന്ത്യ നേടിയത്.